ഹെൽസിങ്കി: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന് വിശ്വസിക്കാനുതകുന്ന തക്കതായ കാരണങ്ങളൊന്നും ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപ് റഷ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. റഷ്യന്‍ ഇടപെടല്‍ ഇല്ലെന്ന കാര്യം ‘വളരെ ശക്തമായും ദൃഢമായും’ റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞു. റഷ്യ – അമേരിക്ക ചരിത്രസമ്മേളനത്തിന് ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയാണ് വേദിയായത്. റഷ്യയുമായി അസാമാന്യ ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി 12 റഷ്യന്‍ ഏജന്റുമാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രേഖകള്‍ മോഷ്ടിച്ചതായി കഴിഞ്ഞ ദിവസം അമേരിക്കയിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. മണിക്കൂറോളം ഇരു നേതാക്കളും സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന് പുടിനെ അനുകൂലിച്ച് ട്രംപ് പ്രസ്താവന നടത്തി. ‘റഷ്യ ഇടപെടല്‍ നടത്തിയെന്ന് വിശ്വസിക്കാനുളള കാരണമൊന്നും ഞാന്‍ കാണുന്നില്ല. തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണം വളരെ ശക്തമായും ദൃഢമായും ആണ് റഷ്യന്‍ പ്രസിഡന്റ് നിഷേധിച്ചത്’, ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച അന്വേഷണമാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റഷ്യന്‍ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാത്ഥി ഹിലരി ക്ലിന്‍റന്‍റെ പ്രചാരണം അട്ടിമറിച്ചെന്ന് ആരോപിച്ച് 12 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് യുഎസ് ഗവൺമെന്റ് സമര്‍പ്പിക്കുന്ന 29 പേജുള്ള കുറ്റപത്രം, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിശദമായ ആരോപണമാണ്. ഇന്റര്‍നെറ്റ്‌ വഴി സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുത്തു എന്നതു മുതല്‍ കള്ളപ്പണം വെളുപ്പിക്കൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ തകർക്കാൻ ശ്രമിച്ചു തുടങ്ങി ട്രംപിന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ റഷ്യയിലെ ഉന്നത സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ നടത്തിയ വളരെ സങ്കീർണമായ പരിശ്രമങ്ങള്‍ വിശദമായി തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ