തൊടുപുഴ: തുടര്‍ച്ചയായി പാറകള്‍ അടര്‍ന്നു വീണതോടെ പള്ളിവാസലില്‍ പ്രവര്‍ത്തിക്കുന്ന പ്ലം ജൂഡി റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇത് രണ്ടാം തവണയാണ് ഈ റിസോര്‍ട്ട് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലേക്കുള്ള വഴിയില്‍ പാറ വീണതിനെ തുടര്‍ന്ന് ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേം കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അടച്ചു പൂട്ടല്‍ ഉത്തരവ് കലക്ടര്‍ നല്‍കിയത്.

മാര്‍ച്ച്‌ 13 ന് റിസോര്‍ട്ടിന് സമീപത്തുള്ള കുന്നില്‍ നിന്നും പാറയിടിഞ്ഞു വീണു റിസോര്‍ട്ടില്‍ എത്തിയ മൂന്ന് കാറുകള്‍ തകര്‍ന്നിരുന്നു. വാഹനത്തില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍മാര്‍ അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അന്ന് സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍ ടണലിന് മുകളിലുള്ള പാറകള്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും സമീപത്തു താമസിക്കുന്നവരെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ജില്ലാ കളക്ടര്‍ ആദ്യ തവണ ഈ റിസോര്‍ട്ടിന് സ്റ്റോപ്പ്‌ മെമോ നല്‍കിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി റോഡിലേക്ക് വീണ്ടും കൂറ്റന്‍ പാറ ഇടിഞ്ഞു വീണു. ഇരുനൂറോളം അടി ഉയരത്തില്‍ നിന്നും വീണ പാറ റിസോര്‍ട്ടിന്റെ 150 മീറ്ററോളം സമീപത്താണ് പതിച്ചത്. ഇതേ തുടര്‍ന്ന് അവിടെ ഗതാഗതം മുടങ്ങി. പിന്നീട് പാറ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇനിയും ഈ പ്രദേശത്ത് കല്ലുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകും എന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവായത്.

ആദ്യത്തെ പാറ വീഴല്‍ സംഭവത്തെ തുടര്‍ന്ന് ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടെ പഠനം നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടില്‍ പള്ളിവാസല്‍ പ്രദേശം വീണ്ടും പാറകള്‍ വീഴാന്‍ സാധ്യത ഉള്ളതാണെന്നും കേബിള്‍ ആങ്കറിംഗ് ചെയ്തു അപകട സാധ്യത ഒഴിവാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

പാറക്കെട്ടുകള്‍ക്കു ചുറ്റിലുമായി കല്ലുകള്‍ ഉപയോഗിച്ച് വേലി കെട്ടുകയും അതിന്‍റെ അടിസ്ഥാനത്തില്‍ അപകട സാധ്യത ഇല്ലാതെയായി എന്ന് പൊതു മരാമത് വകുപ്പ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ട് വീണ്ടും തുറന്നത്. രാഷ്ട്രീയ സ്വാധീനം മൂലമാണ് ഈ അനുമതി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. ഈ വിഷയത്തില്‍ റെവന്യൂ മന്ത്രി കളക്ടറോട് വിശദീകരണം ചോദിച്ചിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി ലഭികുന്നത്‌ വരെ റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് കൊണ്ടാണ് കളക്ടര്‍ ഇത്തവണ ഉത്തരവിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ