ന്യൂഡല്‍ഹി: കോവിഡ് 19 രോഗ ബാധ ഇന്ത്യയിലെ പണപ്പൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) അടക്കമുള്ള അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് സ്തംഭനാവസ്ഥയിലാക്കി. ഐപിഎല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത് ടി20 ലോകകപ്പിനുമുമ്പേ മികച്ച പ്രകടനം കാഴ്ച വച്ച് കഴിവ് തെളിയിക്കാന്‍ ഒരുങ്ങിയ താരങ്ങളെ പ്രതിസന്ധിലാക്കിയിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ ഐപിഎല്‍ നിര്‍ണായകമായ ഏക താരം ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്കെ) ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ എം എസ് ധോണിയാണ്.
2019-ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലെ തോല്‍വിയ്ക്കുശേഷം ഒരൊറ്റ മത്സരം പോലും ധോണി ഇതുവരെ കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവിനെ കുറിച്ച് ധോണി കനത്ത മൗനത്തിലുമാണ്. എന്നാല്‍ ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് ഐപിഎല്ലിലെ മികച്ച പ്രകടനം ഉണ്ടായാല്‍ മാത്രമേ സാധ്യമാകുകയുള്ളൂവെന്ന് ടീം മാനേജ്മെന്റും സെലക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ഉലഞ്ഞു; ഗൊഗോയ്ക്കെതിരെ ജസ്റ്റിസ് കുര്യൻ ജോസഫ്
ധോണി ക്രിക്കറ്റ് കളി പുനരാരംഭിക്കുകയും ഐപിഎല്ലില്‍ എങ്ങനെ കളിക്കുന്നുവെന്നതിനേയും ആശ്രയിച്ചിരിക്കുന്നുവെന്ന് ടീം ഇന്ത്യയുടെ പരിശീലകന് രവി ശാസ്ത്രി കഴിഞ്ഞ വര്‍ഷം നവംബറില്‍ പറഞ്ഞിരുന്നു.
“വിക്കറ്റ് കീപ്പിങ് ഗ്ലൗസ്സില് മറ്റുള്ളവര്‍ എന്തു ചെയ്യുന്നു. ധോണിയുടെ ഫോമും മറ്റു കളിക്കാരുടെ ഫോമും എന്താണ്. നിങ്ങളുടെ 15 കളിക്കാരെ തീരുമാനിക്കുന്നതിന് മുമ്പുള്ള അവസാന ടൂര്‍ണമെന്റാണ് ഐപിഎല്‍,” അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഐപിഎല്ലില്‍ ധോണിയുടെ ഫോം ടീമിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായക ഘടകമല്ലെന്നാണ് മുന്‍ ദേശീയ താരമായ ആകാശ് ചോപ്രയുടെ അഭിപ്രായം.
“ധോണിയെപോലുള്ളൊരു കളിക്കാരന് ഐപിഎല്‍ ഒരിക്കലും ഒരു അളവുകോലല്ല. അദ്ദേഹം ഐപിഎല്ലില്‍ റണ്ണുകള്‍ നേടിയാല്‍ ധോണിയെ ടീമിലെടുക്കൂ, അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് വിദഗ്ദ്ധര്‍ പറയും. എന്താണ് ചെയ്യുന്നതെന്ന് എംഎസ് ധോണിക്ക് അറിയാം,” ചോപ്ര പറഞ്ഞു. ഐപിഎല്‍ റദ്ദാക്കപ്പെട്ടാല്‍ ധോണിയുടെ ഭാവിയെന്താകുമെന്ന ചോദ്യത്തിന് ഉത്തരമായി ചോപ്ര പറഞ്ഞു.
Read Also: കോവിഡ് 19: 50 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടിയാല്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും
“ഐപിഎല്‍ ഒരു നിര്‍ണായക ഘടകമായി ഞാന്‍ കരുതുന്നില്ല. തിരിച്ചുവരാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില് അദ്ദേഹം സ്വയം ലഭ്യമാക്കും. സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കണമെങ്കില്‍ അത് സ്വാഭാവികമായും നടക്കും. കാരണം അനുഭവ പരിഞ്ജാനം നിങ്ങള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ധാരാളം അനുഭവങ്ങളുള്ള താരമാണ് ധോണി. ഇന്ത്യയ്ക്ക് ധോണിയെ ആവശ്യമുണ്ടെങ്കില്‍ ഐപിഎല്‍ ഉണ്ടായാലും ഇല്ലെങ്കിലും അദ്ദേഹം തിരിച്ചുവരും. ചോപ്ര കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.
Read Also: കൊറോണക്കാലത്തെ ഏകാന്തജീവിതം പ്രയോജനപ്പെടുത്താനുള്ള മൊബൈല്‍ ആപ്പുകള്‍
ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ് മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു.