കോഴിക്കോട്:മരുന്നുകളുടെ ലഭ്യതയാണ് ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ  കോഴിക്കോട് ജില്ലയിലെ ഗ്രാമീണ മേഖലകളിലുള്ളവർക്ക്  പ്രധാന പ്രതിസന്ധി.  ഹോട്ടലുകൾ അടച്ചു പൂട്ടിയത് ഒട്ടും ബാധിക്കാത്ത അവസ്ഥയും ജില്ലയിലെ പല ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാണാം. നഗരവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ഗ്രാമീണ മേഖലകളിലുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പരസ്പര സഹകരണത്തിന്റെ പാതയിൽ അത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ഫാർമസികൾ തുറന്നിട്ടുണ്ടെങ്കിലും മരുന്നുകൾ പലതും പ്രാദേശികമായി ലഭ്യമല്ലാത്തതാണ് ഗ്രാമീണ മേഖലയെ ബാധിക്കുന്നത്. നഗരങ്ങളിലെ ഫാർമസികളിൽ മാത്രം ലഭ്യമായ മരുന്നുകളുടെ കാര്യത്തിലാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഇത്തരം മരുന്നുകൾ ആവശ്യമുള്ളവർ നിലവിൽ യുവജന സംഘടനകളെയും സന്നദ്ധ സംഘടനകളെയും ബന്ധപ്പെട്ട് നഗരങ്ങളിൽ നിന്ന് മരുന്ന് എത്തിക്കുകയാണ്.

നഗരത്തിൽ മാത്രം ലഭിക്കുന്ന മരുന്നുകൾ ജില്ലയിലെ മലയോര മേഖലകളിലടക്കമുള്ള ഗ്രാമങ്ങളിലേക്ക് എത്തിച്ചുനൽകുന്നതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഇതുവരെ മരുന്നും ഭക്ഷണവും ആവശ്യപ്പെട്ടാണ് കൂടുതൽ ആളുകൾ തങ്ങളെ ബന്ധപ്പെടുന്നതെന്നും അവർ പറയുന്നു. സർക്കാരിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് തങ്ങൾ സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും പ്രാദേശിക നേതൃത്വങ്ങളുമായി ബന്ധപ്പെട്ടാണ് ആളുകൾ കൂടുതലായും മരുന്നും അവശ്യവസ്തുക്കളും വീട്ടിലെത്തിക്കുന്നത്.

Also Read: നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത്: പിണറായി വിജയൻ

ആശുപത്രികളിൽ കഴിയുന്ന രോഗികളും ബന്ധുക്കളും തങ്ങളെ ബന്ധപ്പെടാറുള്ളതായി യുവജന സംഘടനാ പ്രവർത്തകർ അറിയിച്ചു. ആശുപത്രികളിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കും അത്യാവശ്യത്തിനുള്ള പണം ബന്ധുക്കളിൽ നിന്നും എത്തിച്ചു നൽകുന്നതിനാണിതെന്നും അവർ പറഞ്ഞു. രോഗികളുടെ ബന്ധുക്കൾ സംഘടനകളുടെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെടുകയും അവർ നഗരത്തിലുള്ള പ്രവർത്തകർക്ക് പണം ഓൺലെെൻ വഴി കെെമാറുകയും ഈ തുക എടിഎം വഴി പിൻവലിച്ച് ആശുപത്രികളിലെത്തിക്കുകയുമാണ് ചെയ്യുക.

കോഴിക്കോട് നഗരത്തിൽ പത്തോളം ഭക്ഷണ ശാലകൾ  നിലവിൽ വീടുകളിൽ ഭക്ഷണമെത്തിക്കുന്നുണ്ട്. ഹോട്ടലുകളിലെ ജീവനക്കാർ നേരിട്ടും പ്രാദേശിക ഫുഡ് ഡെലിവറി ആപ്പുകൾ വഴിയുമാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനായി 0495-4011066, 8606020133, 7511177999 എന്നീ മൊബൈല്‍ നമ്പറുകളിലോ ഹോട്ടലുകളുടെ ഫോൺ നമ്പറിൽ നേരിട്ടോ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് 50ലധികം പേർ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്തതായി നടക്കാവിലെ ഒരു ഹോട്ടലിലെ ജീവനക്കാർ അറിയിച്ചു. ഭഷണം വീട്ടിലെത്തിക്കുന്നതിനു പുറമേ മുൻകൂട്ടി ഓർഡർ ചെയ്ത ശേഷം ഹോട്ടലുകളെലെത്തി വാങ്ങുന്നതിനും സൗകര്യമുണ്ട്. ഇത്തരത്തിൽ ഹോട്ടലിൽ എത്തുന്നവർക്ക്  പ്രത്യേക കൌണ്ടറിൽ നിന്ന് പാഴ്സൽ എടുത്തുകൊണ്ടു പോവാം. ഓൺലെെൻ വഴിയുള്ള പണമിടപാടാണ് ഉപോഭാക്തക്കളോട് ശുപാർശ ചെയ്യുന്നത്. പണമായി തരുന്ന സാഹചര്യത്തിൽ അത് അണുവിമുക്തമാക്കാനുള്ള സംവിധാനം ഹോട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്. ഹാൻഡ് വാഷ് സാനിറ്റെെസർ എന്നിവ കൗണണ്ടറിനു സമീപം സ്ഥാപിക്കുന്നതടക്കമുള്ള എല്ലാ സുരക്ഷാ നിർദേശങ്ങളും ഹോട്ടൽ പാലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അവശ്യവസ്തുക്കൾക്കായി ആളുകൾ നേരിൽ കടകളിൽ പോവുന്ന സ്ഥിതിയാണ് നഗരത്തിൽ.  ഇന്ന് തുറന്ന സൂപ്പർമാർക്കറ്റുകളിലും കടകളിലും  തിരക്കനുഭവപ്പെടുകയും ചെയ്തിരുന്നു.  അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ആളുകൾ കാര്യമായി ആശ്രയിക്കുന്നില്ലെന്നാണ് വ്യാപാരസ്ഥാപനങ്ങളിൽ നിന്നറിയുന്നത്. ഗ്രാമീണ മേഖലകളിലടക്കം ഉപയോഗിക്കാവുന്ന ശക്തമായ ഓൺലെെൻ വിതരണ സംവിധാനം ഉടൻ തയ്യാറാവുമെന്നാണ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടവരിൽനിന്നുള്ള പ്രതികരണം. അവശ്യവസ്തുക്കളും ഭക്ഷണവും ഓൺലെെൻ വഴി ലഭ്യമാക്കുന്ന സംവിധാനമാവും ആരംഭിക്കുക.

Also Read: ക്ഷേമപെൻഷൻ മറ്റന്നാൾ മുതൽ വീടുകളിലെത്തും; വിഷുവിനു മുൻപ് ആറ് മാസത്തെ പെൻഷൻ തുക ലഭിക്കും

അതേസമയം, ഹോട്ടലുകൾ തുറക്കാത്തത് ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും സാരമായി ബാധിച്ചില്ല. മറ്റു പ്രദേശങ്ങളിൽ നിന്നു വന്ന് താമസിക്കുന്നവർ കുറവായതിനാലാണിത്. അവശ്യവസ്തുക്കളും മരുന്നും വീട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇത്തരം മേഖലകളിൽ ആരംഭിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനായി വാർഡ് തലങ്ങളിൽ നടപടികൾ സ്വീകരിക്കുന്നതായി കൊയിലാണ്ടി നഗരസഭാ അധികൃതർ അറിയിച്ചു. കോവിഡ് ബാധയെത്തുടർന്ന് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ഇത്തരത്തിൽ എത്തിക്കും. തെരുവിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ജില്ലയിൽ ആരംഭിച്ചിരുന്നു. ജില്ലയിലെ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡെപ്യൂട്ടി കലക്‌ടറെ നോഡല്‍ ഓഫീസറാക്കി, ലേബര്‍ ഓഫീസര്‍മാർ, ഡിവെെഎസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി കലക്‌ടർ അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നിലവില്‍ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തന്നെ തുടരേണ്ടതാണ്. അവർക്കുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ റാപ്പിഡ് റെസ്പോൺസ് ടീമിനും. മൈഗ്രസ് ലാബറേഴ്സ് വെൽഫെയർ കോ-ഓർഡിനേഷൻ ടീം ജില്ലയിലുടനീളം പരിശോധനകൾ നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook