തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചത് 34 കോവിഡ്-19 കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നതും കാസർഗോഡ് തന്നെയാണ്. ജില്ലയിൽ കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

നിർമ്മാണം പുരോഗമിക്കുന്ന കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയെ പെട്ടെന്ന് തന്നെ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോട്ടെ കേന്ദ്ര സർവകലാശാല കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. കോവിഡ് പരിശോധന വിപുലമായി നടത്താൻ സൗകര്യം സർവകലാശാല ക്യാംപസിലുണ്ട് . ഇക്കാര്യത്തിൽ ഐസിഎംആർ അനുമതി മാത്രമാണ് ഇനി ആവശ്യം. അത് ലഭിക്കാനുള്ള നടപടികൾ ത്വരിത ഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് രൂക്ഷമായി ബാധിച്ചവരെ ചികിത്സിക്കുന്നതിനായി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. 200 കിടക്കകൾ, 40 ഐസിയു കിടക്കകൾ, 15 വെന്റിലേറ്ററുകൾ എന്നിവ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിക്കും.

Also Read: സ്ഥിതി ഗൗരവതരം; കേരളത്തിൽ ഇന്ന് 39 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കോവിഡ് സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ രോഗത്തിന് ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഡ്രഗ്സ് കൺട്രോൾ ബോർഡിന്റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർഗോഡ് ജില്ലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശുപത്രി കാര്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് കർണാടകയെയാണ്. ദെെനംദിന ഡയാലിസിസ് ചെയ്യേണ്ടവരടക്കമുള്ളവർ ജില്ലയിൽ കർണാടകയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്.

കണ്ണൂർ ജില്ലയിലെ സൗകര്യങ്ങൾ കാസർഗോഡ് ജില്ലയെ പൂർണമായി ഉൾക്കൊള്ളാൻ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന അതിർത്തിയിൽ ദേശീയ പാതയടക്കമുള്ള റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട് മൂടിയതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം കർണാടക ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തതായും മണ്ണിട്ട് മൂടിയത് മാറ്റാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സ്വർണ പണയ ലേലം, സ്‌കൂൾ ഫീസ് അടയ്‌ക്കൽ എന്നിവ നിർത്തിവയ്‌ക്കണം: മുഖ്യമന്ത്രി

രോഗബാധയുള്ള വിദേശ രാജ്യങ്ങളിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൊണ്ടവേദന, പനി, ശ്വാസതടസ്സം അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. ഇവരുമായി അടുത്തിടപഴകിയവരും നിരീക്ഷണം നടത്തണം. പ്രായമായവർ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദ്ദം, അർബുദം, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കുന്നവരും തുടർചികിത്സ ആവശ്യമായി രോഗങ്ങളുള്ളവരും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം. രോഗമില്ലാത്തവരും വെെറസിന്റെ വാഹകരാവാം എന്നതിനാലാണ് എല്ലാവരിൽ നിന്നും അകലം പാലിക്കണമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലിസ് സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് തുടരും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ആളുകൾ പുറത്തിറങ്ങേണ്ടത്. ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ എന്തിന് പുറത്തിറങ്ങുന്നുവെന്ന സ്റ്റേറ്റ്മെന്റ് കൊണ്ടു പോവണം.

അത് എന്താണെന്ന് നോക്കാനും മനസ്സിലാക്കാനും പരിശോധിക്കുന്ന സിവിൽ പോലിസ് ഉദ്യോഗസ്ഥർ തയ്യാറാവാണം. അത്തരം പരിശോധനകൾ നടത്താതെ തടയുകയോ തിരിച്ചയക്കുകയോ ചെയ്യുന്നത് നല്ലപ്രവണതയല്ല. പൊതുവിൽ അങ്ങനത്തെ പരാതികളില്ല. എന്നാൽ ഒറ്റപ്പെട്ട പരാതിയുണ്ട്. അക്കാര്യം ഒഴിവാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം പൊലീസിന് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook