ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളും വ്യാജ വിവരങ്ങളുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്. നിരവധി പേർ ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുന്ന അവസ്ഥയും നിലനിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങളിലൊന്നാണ് രാജ്യത്ത് ഏപ്രിൽ പകുതിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചു എന്നത്. എന്നാൽ ഈ അഭ്യൂഹം ഇന്ത്യൻ കരസേന തള്ളിക്കളഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച, പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ട് പദ്ധതിയുമായി ബന്ധപ്പെട്ടതടക്കമുള്ള തെറ്റായ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കെയേഴ്സ് ഫണ്ടിന്റേതെന്ന പേരിൽ വ്യാജ യുപിഐ ഐഡി

പ്രധാനമന്ത്രിയുടെ കെയേഴ്സ് (പിഎം കെയേഴ്സ് ) ഫണ്ടിന്റേതെന്ന പേരിൽ വ്യാജ യുപിഐ ഐഡി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രെെം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ( Prime Minister’s Citizen Assistance and Relief in Emergency Situations) എന്നതാണ് പിഎം-കെയേഴ്സ് ( PM CARES) പദ്ധതിയുടെ പൂർണമായ പേര്.

Also Read: കൊറോണ വെെറസിന്റെ ഉത്ഭവം വുഹാനോ? ചില പഠനങ്ങൾ

pmcares@sbi (പിഎംകെയേഴ്സ്@എസ്ബിഐ) എന്നതാണ് ഈ ഫണ്ടിലേക്ക് പണം കെെമാറുന്നതിനുള്ള യുപിഐ ഐഡി. എന്നാൽ pmcare@sbi (പിഎംകെയർ@എസ്ബിഐ) എന്ന പേരിൽ തെറ്റായ യുപിഐ ഐഡി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ഐഡി തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തിട്ടുണ്ട്. pmcares@sbi എന്നതാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ യഥാർഥ യുപിഐ ഐഡിയെന്ന് ട്വീറ്റിൽ പറയുന്നു.

കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടുന്നതിനുള്ള ധനസഹായങ്ങൾ വ്യക്തികളിൽനിന്നും സംഘടനകളിൽ നിന്നും സ്വീകരിക്കുന്നതിനായാണ് പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ചത്.

Pmindia.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യാവുന്നതാണ്. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ (ഭീം, ഫോൺപേ, ഗൂഗിൾ പേ, പേടിഎം, മൊബിക്വിക് മുതലായവ), ആർടിജിഎസ് / നെഫ്റ്റ് എന്നിവ ഉപയോഗിച്ച് ഇതിലേക്ക് പണമടയ്ക്കാം.

അടിയന്തരാവസ്ഥ: വാർത്ത തെറ്റെന്ന് സെെന്യം

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത സെെന്യം തള്ളി.

ഏപ്രിൽ പകുതിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സെെന്യത്തെയും വിമുക്ത സേനാംഗങ്ങളെയും എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെയും വിന്യസിക്കുമെന്നും വ്യാജ വാർത്തകളിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ തെറ്റാണെന്ന് ഇന്ത്യൻ കരസേനയുടെ പബ്ലിക് ഇൻഫർമേഷൻ അഡീഷനൽ ഡയരക്ടറേറ്റ് ജനറൽ പ്രതികരിച്ചു.

പഴയ വ്യാജ വാർത്തകളും പ്രചരിക്കുന്നു

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിന്റെ തുടക്ക സമയത്ത് ഇറങ്ങിയ വ്യാജ വാർത്തകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. പാവക്കയുടെ നീര് കഴിച്ചാൽ കൊറോണയെ പ്രതിരോധിക്കാം, പ്രായമായവരെ മാത്രമേ കോവിഡ് ബാധിക്കൂ എന്നിവയടക്കമുള്ള വ്യാജ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പകർച്ചവ്യാധിയെ മാത്രമല്ല ഒരു വിവരവ്യാധിയെക്കൂടിയാണ് ഇപ്പോൾ നേരിടേണ്ടിവരുന്നതെന്നാണ് കോവിഡ് കാലത്തെ വ്യാജവാർത്തകളുടെ കുത്തൊഴുക്കിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡയരക്ടർ ജനറൽ തെദ്രോസ് അദാനോം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോഴും വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്.

Also Read: ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം: റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡബ്ല്യുഎൻഡി എന്ന വെബ്സെെറ്റിൽ വന്ന, യുഎസ് ഡോക്ടർ നൂറുകണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കി എന്ന വ്യാജ വാർത്ത ബ്രിട്ടണിൽ മാത്രം 1.6 ലക്ഷം ആളുകളാണ് 24 മണിക്കൂറിനിടെ പങ്കുവച്ചതെന്ന് ദ ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു. ബ്രിട്ടണിൽ വ്യാജ വാർത്തകളെ കെെകാര്യം ചെയ്യുന്നതിനായി ദ്രുത പ്രതിരോധ സംഘത്തെ മന്ത്രിസഭ നിയോഗിച്ചിട്ടുണ്ട്. ദിനംപ്രതി ശരാശരി 10 വ്യാജവാർത്തകളിന്മേൽ സംഘം നടപടി സ്വീകരിക്കുന്നതായി ബിബിസി റിപോർട്ട് ചെയ്തു. വ്യാജ വിദഗ്ദർ നൽകുന്ന തെറ്റായ നിർദേശങ്ങളടക്കമുള്ള കാര്യങ്ങളാണ് ഇത്തരത്തിൽ പരിശോധിക്കപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook