ന്യൂഡല്‍ഹി: 40.92 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജസ്വന്ത് സിങ്ങുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. സംഭവത്തില്‍ ജസ്വന്ത് സിങ് ഡയറക്ടറായ കമ്പനിക്കെതിരെ കേസെടുത്തിരുന്നു.
ബിജെപി നേതാവ് തജീന്ദര്‍ പാല് സിങ് ബഗ്ഗയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി, പഞ്ചാബ് പൊലീസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് പുതിയ സംഭവം.
റെയ്ഡില്‍ 16.57 ലക്ഷം രൂപയും 88 വിദേശ കറന്‍സി നോട്ടുകളും സ്വത്ത് സംബന്ധിച്ച രേഖകളും നിരവധി ബാങ്ക് പാസ്ബുക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തതായി സിബിഐ പ്രസ്താവനയില്‍ അറിയിച്ചു. ജസ്വന്ത് സിങ്ങുമായി ബന്ധമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും അവയുടെ ഡയറക്ടര്‍മാരും ഗ്യാരണ്ടര്മാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്.
ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്വന്ത് സിങ് ഡയറക്ടറായ താര കോര്പറേഷന് ലിമിറ്റഡി(പിന്നീട് മലൗദ് അഗ്രോ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു) നെതിരെ ബാങ്ക് വായ്പാ തട്ടിപ്പിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സിങ്ങിനും പഞ്ചാബിലെ മലേര്‍കോട്ലയിലെ ഗൗണ്സ്പുര ആസ്ഥാനമായുള്ള കമ്പനിക്കുമൊപ്പം അതിന്റെ ഡയറക്ടര്‍മാരായ ബല്‍വന്ത് സിങ്, കുല്‍വന്ത് സിങ്, തേജീന്ദര്‍ സിങ് എന്നിവര്‍ക്കുമെതിരെയാണ് കേസ്. താര ഹെല്‍ത്ത് ഫുഡ്സ് എന്ന അനുബന്ധ സ്ഥാപനത്തിനും ഡയറക്ടര്‍മാരെയും കേസുണ്ട്.
കമ്പനി ഡയറക്ടര്‍മാരെല്ലാം ഒരേ സ്ഥലത്തുതന്നെ താമസിക്കുന്നവരും ബന്ധുക്കളുമാണെന്നു കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. പരിശോധനയില്‍, നിരവധി ആധാര്‍ കാര്‍ഡുകളുള്ള വിവിധ ആളുകളുടെ ഒപ്പുകളുള്ള 94 ചെക്കുകള്‍ കണ്ടെത്തിയതായി ഏജന്‍സി അറിയിച്ചു.
Also Read: തജീന്ദര്‍ ബഗ്ഗയ്ക്കെതിരെ മൊഹാലി കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്
”അന്വേഷണം പുരോഗമിക്കുകയാണ്. ജസ്വന്ത്, ബല്‍വന്ത്, കുല്‍വന്ത് എന്നിവര്‍ സഹോദരങ്ങളാണ്. തേജീന്ദര്‍ കുല്‍വന്തിന്റെ മകനാണ്. എല്ലാവരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍, താരാ കോര്പറേഷന് എടുത്ത വായ്പയുടെ ഗ്യാരണ്ടറായ താര ഹെല്‍ത്ത് ഫുഡ്സിന്റെ ഡയറക്ടര്‍മാരുമാണ്,” ഒരു സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
താര കോര്പറേഷന് എണ്ണയില്ലാത്ത അരി തവിട്, എണ്ണരഹിത കടുക് പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക്, ചോളം, ബജ്റ, മറ്റ് ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ കച്ചവടം നടത്തിയതായി സിബിഐ ചൂണ്ടിക്കാട്ടി.
”കടം വാങ്ങിയ സ്ഥാപനത്തിന് 2011-2014 കാലയളവില്‍ ബാങ്ക് നാല് ഇടവേളകളില്‍ വായ്പ അനുവദിച്ചു. സ്ഥാപനം അതിന്റെ ഡയറക്ടര്‍മാര്‍ മുഖേന ഹൈപ്പോതെക്കേറ്റഡ് സ്റ്റോക്കും ദുരുദ്ദേശ്യത്തോടെയും സത്യസന്ധമല്ലാത്ത ഉദ്ദേശത്തോടെയും കണക്കുപ്രകാരമുള്ള കടങ്ങളും മറച്ചുവച്ചതായും ആരോപണമുണ്ട്. ഇവ പരിശോധനയ്ക്കായി ക്രെഡിറ്റര്‍ ബാങ്കിന് ലഭ്യമാക്കിയിട്ടില്ല,” സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇതുവഴി ബാങ്കിന് 40.92 കോടിയുടെ നഷ്ടമുണ്ടായതായി സിബിഐയുടെ കേസ്. അക്കൗണ്ട് 2014 മാര്‍ച്ച് 31-ന് നിഷ്ക്രിയ ആസ്തിയായും 2018 ഫെബ്രുവരി ഒന്പതിനു തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തു. ‘പ്രതികള്‍ നേടിയ വായ്പ അനുവദിച്ച ആവശ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി.