എല്ലാ ഇതിഹാസങ്ങള്‍ക്കും നമ്മളറിയാത്ത ചില കഥകളുണ്ടാകും. അവര്‍ ജീവിതത്തില്‍ അനുഭവിച്ച വേദനകള്‍, ഇല്ലായ്മകള്‍, അതിനെയെല്ലാം തരണം ചെയ്ത് അവര്‍ കടന്നുവന്ന പാതകള്‍. അങ്ങനെയൊരു കഥ വിവരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. തെങ്ങിന് മടലുകൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ കുറിച്ചാണ് കരീബിയന്‍ ഇതിഹാസം വിവരിക്കുന്നത്. ഒരു നല്ല ക്രിക്കറ്റ് താരമായി താന്‍ മാറിയത് എങ്ങനെയാണെന്നും ലാറ പങ്കുവെക്കുന്നു.
നാല് വയസുള്ളപ്പോഴാണ് സഹോദരന് തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ തെങ്ങിന്പട്ടകൊണ്ട് ബാറ്റ് ഉണ്ടാക്കി തന്നതെന്ന് ലാറ ഐസിസിയുടെ ക്രിക്കറ്റ് 360 എന്ന പരിപാടിയില്‍ പറഞ്ഞു. ചെറുപ്പത്തില്‍ കയ്യില്‍ കിട്ടിയ എന്തും ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന പതിവ് തനിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരിന്നെന്നും കരീബിയന്‍ ഇതിഹാസം പറയുന്നു. എല്ലാ കായിക ഇനങ്ങളും താന്‍ കളിച്ചിരുന്നതായും ലാറ അഭിമുഖത്തില്‍ പറയുന്നു.
വിവിധ സീസണുകളില്‍ വ്യത്യസ്ത കായിക ഇനങ്ങളായിരുന്നു കളിച്ചിരുന്നത്. ക്രിക്കറ്റിനൊപ്പം ഫുട്ബോളും ടേബിള്‍ ടെന്നീസും കളിച്ചിരുന്നു. മറ്റ് കായിക ഇനങ്ങളേക്കാള്‍ ക്രിക്കറ്റിലായിരിക്കും തനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയെന്ന് തോന്നി. ഫുട്ബോളിനേക്കാള്‍ ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് പിതാവാണെന്നും ലാറ പറഞ്ഞു.
ക്രിക്കറ്റിലേക്കുള്ള വരവില്‍ പിതാവിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നും ലാറ വെളിപ്പെടുത്തി. പിതാവ് ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ചിരുന്ന വ്യക്തിയാണ്. ഗ്രാമത്തില്‍ ക്രിക്കറ്റ് ലീഗ് നടത്തിയിരുന്നു അദ്ദേഹം. തന്റെ വളര്‍ച്ചയ്ക്കും മികച്ച പ്രകടനത്തിനുമായി മറ്റെല്ലാം ഉപേക്ഷിച്ച് പിതാവ് തനിക്ക് പിന്തുണ നല്‍കിയിരുന്നെന്നും കുട്ടിക്കാലത്തെ ഓര്‍ത്തെടുത്ത് ലാറ പങ്കുവച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 52.88 ശരാശരിയോടെ 11,953 റണ്‍സും ഏകദിനത്തില്‍ 40.48 ശരാശരിയോടെ 10,405 റണ്‍സും നേടിയിട്ടുള്ള താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന് കൂടിയായ ബ്രയാന്‍ ലാറ. ടെസ്റ്റിലെ 400 റണ്‍സ് നേട്ടവും ഈ താരത്തിന്റെ പേരിലാണ്.