ന്യൂഡൽഹി: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിരാശയുടെ ദിനം. കിരീട പ്രതീക്ഷകളുമായി ഇറങ്ങിയ ബജ്രംഗ് പൂനിയായും രവികുമാറും സെമിയിൽ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പര്‍ താരമായ ബജ്രംഗ് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ സെമിയിൽ കസാക്കിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനോടാണ് തോറ്റത്. രവികുമാര്‍ ദഹിയ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം സെമിയിൽ നിലവിലെ ലോകചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ സാവുർ ഉഗ്യുയേവിനോടും പരാജയപ്പെട്ടു. സെമിയിൽ പരാജയപ്പെട്ടെങ്കിലും ടോക്കിയോ ഒളിമ്പിക്സിന് ഇരുവരും യോഗ്യത നേടി. ഇരുവരുടെയും വെങ്കല മെഡൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല.
കസാക്കിസ്ഥാൻ താരവുമായി 9-9 എന്ന പോയിന്റിന് ഒപ്പം നിന്നെങ്കിലും ഒരു പീരിയഡിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിന്റെ ആനുകൂല്യത്തിൽ ബജ്രംഗ് പൂനിയ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ പീരിയഡിൽ കസാക്കിസ്ഥാൻ താരം ദൗലത്ത് നേടിയ നാല് പോയിന്റാണ് ബജ്രംഗിന് തിരിച്ചടിയായത്. ഇതിനെതിരെ ഇന്ത്യ നൽകിയ അപ്പീലും തള്ളിയതോടെ താരത്തിന്രെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. വെള്ളിയാഴ്ചയാണ് ബജ്രംഗിന്റെ വെങ്കലമെഡൽ പോരാട്ടം.
Also Read: ലോക ഒന്നാം നമ്പർ താരത്തെ മലർത്തിയടിച്ച് വിനേഷ് ഭോഗട്ട്; ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി
സാവുർ ഉഗ്യുയേവിനോട് 4-6 എന്ന സ്കോറിനാണ് രവികുമാർ കീഴടങ്ങിയത്. വെള്ളിയാഴ്ച താരത്തിനും വെങ്കല മെഡൽ പോരാട്ടമുണ്ട്. ക്വാർട്ടറിൽ രവികുമാറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ 0-6 എന്ന സ്കോറില്‍ പിന്നിലായിരുന്ന രവികുമാര്‍ ശക്തമായ തിരിച്ചുവരവിലൂടെ 17-6 എന്ന സ്കോറിന് ജപ്പാന്റെ മുന്‍ ലോകചാമ്പ്യന് യുകി തകാഹാഷിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ബജ്രംഗും രവികുമാറും എത്തിയതോടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യൻ ഗുസ്തി താരങ്ങളുടെ എണ്ണം മൂന്നായി. ഇന്നലെ 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് ഭോഗട്ടും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ സാറാ ഹിൾഡ്ബ്രൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ടോക്കിയോയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചത്.