മനാമ: സാംസ്​കാരിക,ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ‘സാംസ’ സാംസ്​കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഗീത നിശ ഈ മാസം 21ന്​ വൈകീട്ട്​ ഏഴുമണിക്ക്​ ഇന്ത്യൻ ക്ലബ്​ ഓഡിറ്റോറിയത്തിൽ നടക്കും.

സംഗീത പരിപാടിക്ക്​ പ്രമുഖ പിന്നണി ഗായകൻ ബിജു നാരായണൻ നേതൃത്വം നൽകുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർഗവസന്തം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബിജു നാരായണനോടൊപ്പം കീർത്തന ശബരീഷ്​, റിയാലിറ്റി ഷോ താരം ശ്രീലക്ഷ്​മി,ബഹ്​റൈനിലെ കലാകാരനായ അനിൽ, ഗോപിക ഗണേഷ്​ എന്നിവരും പങ്കുചേരും.റഫീഖ്​ വടകരയുടെ നേതൃത്വത്തിലാണ്​ ഓർകസ്​ട്ര ഒരുക്കുന്നത്​.

പരിപാടിയിൽ പ​ങ്കെടുക്കാൻ വ്യക്തികളിൽ നിന്ന്​ ഒരു ദിനാറും കുടുംബങ്ങളിൽ നിന്ന്​ രണ്ടു ദിനാറുമാണ്​ ഈടാക്കുന്നത്​.ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ രണ്ടുവർഷത്തിനി​ടെ നിരവധി ജീവകാരുണ്യ,സേവന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും അത്​ തുടരുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സറീന, ഹംസ ചാവക്കാട്​, ജിജോ, സതീഷ്​, മുരളി, ഗണേഷ്​, വത്സരാജ്​ എന്നിവർ പ​ങ്കെടുത്തു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ