അബുദാബി: ഒടുവിൽ ആ ഭാഗ്യവാൻ രംഗത്തെത്തി. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ(70 ലക്ഷം ദിര്‍ഹം)യുടെ സമ്മാനം ലഭിച്ചത് എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാത്യു വര്‍ക്കിക്ക്. സമ്മാനാർഹമായ ടിക്കറ്റിന്റെ ഉടമയെ തേടി കാത്തിരിക്കുകയായിരുന്നു സംഘാടകർ.

നറുക്കെടുത്തതു മുതല്‍ മൊബൈല്‍ നമ്പറില്‍ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ വെള്ളത്തില്‍ വീണ് തകരാറിലായതിനാല്‍ അതിനുകഴിഞ്ഞിരുന്നില്ല. ഞായറാഴ്ച വീണ്ടും വിളിച്ചപ്പോഴാണ് മാത്യു വിവരമറിയുന്നത്.

കഴിഞ്ഞ 33 വര്‍ഷമായി യുഎഇയിലുള്ള മാത്യു വര്‍ക്കി അല്‍ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന കര്‍ണാടക സ്വദേശി സിറിള്‍ ഡിസില്‍വ, പാക്കിസ്ഥാന്‍ സ്വദേശി ദില്‍ മുറാദ് എന്നിവരുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. 70 ലക്ഷം ദിര്‍ഹത്തിന്റെ പകുതിത്തുകയായ 35 ലക്ഷം ദിര്‍ഹം ഈ രണ്ടുസുഹൃത്തുക്കള്‍ക്കും കൂടി വീതംവെക്കുമെന്ന് വര്‍ക്കി മാത്യു അറിയിച്ചു.

ബിഗ് ടിക്കറ്റ് ആരംഭിച്ചതു മുതല്‍ ഇവര്‍ ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ഒരു ലോട്ടറിയില്‍ സമ്മാനം ലഭിക്കുന്നത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വര്‍ക്കിയുടെ ആദ്യ പ്രതികരണം. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാര്‍ക്ക് പണം തുല്യമായി വീതിച്ചു നല്‍കുകയാണ് ആദ്യത്തെ കര്‍ത്തവ്യം.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാള്‍ കണ്ടുകിട്ടാത്ത സംഭവമുണ്ടാകുന്നത്. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണം എന്നതാണ് നിയമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ