ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ തീരുമാനിച്ചുവെന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഒരാളെ കോയമ്പത്തൂരിൽ പിടികൂടി. 1998 ലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ മുഹമ്മദ് റഫീഖിനെയാണ് പൊലീസ് പിടികൂടിയത്. ഇദ്ദേഹം ട്രാൻസ്‌പോർട്ട് ഡ്രൈവറായ മറ്റൊരാളോട് സംസാരിച്ചതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ എന്നാണ് പൊലീസിന്റെ നിഗമനം.

വാഹനവുമായി ബന്ധപ്പെട്ട പണമിടപാടായിരുന്നു ഓഡിയോ ക്ലിപ്പിൽ ഉണ്ടായിരുന്നത്. “1998 ൽ അഡ്വാനി കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ നഗരത്തിൽ പലയിടത്തും ബോംബുകൾ സ്ഥാപിച്ചത് ഞങ്ങളായത് കൊണ്ട്, മോദിയെ ഇല്ലാതാക്കാനും ഞങ്ങൾ തീരുമാനിച്ചു,” എന്നാണ് ഓഡിയോ ക്ലിപ്പിലെ ഭാഗം.

കോയമ്പത്തൂർ സ്ഫോടന കേസിൽ തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞ റഫീഖ്, കോയമ്പത്തൂരിനടുത്ത് കണിയമുത്തൂരിലാണ് താമസം. പുറത്തായ ഓഡിയോ ക്ലിപ്പിൽ താൻ നൂറുകണക്കിന് വാഹനങ്ങൾ തകർത്തിട്ടുണ്ടെന്നും തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഒരാൾ പറയുന്നുണ്ട്. ഇത് റഫീഖാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ച് ശബ്ദം ഇവരുടേത് തന്നെയെന്ന് ഉറപ്പിക്കാനുളള ശ്രമത്തിലാണ് പൊലീസ്. അതേസമയം റഫീഖിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കോയമ്പത്തൂരിൽ 1998 ൽ നടന്ന സ്ഫോടന പരമ്പരയിൽ 58 പേരാണ് കൊല്ലപ്പെട്ടത്. 12 കിലോമീറ്റർ പരിധിയിൽ 11 ഇടത്താണ് അന്ന് സ്ഫോടനം നടന്നത്. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ എൽ.കെ.അഡ്വാനിയെ ഉന്നമിട്ടാണ് സ്ഫോടന പരമ്പര നടത്തിയതെന്നാണ് പിന്നീട് അന്വേഷണത്തിൽ വ്യക്തമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ