മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ പ്രമേയങ്ങൾക്കെതിരെ ഒരുപാട് വിമർശനങ്ങൾ സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഉയർന്ന് കേട്ടിട്ടുണ്ട്. സമൂഹം എത്ര തന്നെ മാറിയാലും ഒട്ടനവധി ആളുകളെ സ്വാധീനിക്കാൻ സാധിക്കുന്ന മാധ്യമമായ സീരിയലുകൾക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നതു ഒരു വലിയ പ്രശ്നമാണ്. ഇന്നും മലയാള ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ പ്രധാന പ്രമേയം അമ്മായിയമ്മ പോരും, സ്ത്രീ വിരുദ്ധതയും, അന്ധവിശ്വാസവുമൊക്കെ തന്നെയാണ്. സീ കേരളത്തിൽ സംപ്രേഷണത്തിനൊരുങ്ങുന്ന ‘ശ്യമാംബരം’ എന്ന പുതിയ സീരിയലിനെതിരെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
സീരിയലിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിറത്തിന്റെ പേരിൽ ഒറ്റപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ കഥയാണ് ശ്യാമാംബരത്തിന്റെ പ്രമേയമെന്നാണ് പറയുന്നത്. പക്ഷെ നിറത്തിന്റെ പേരിൽ ക്രുരമായി നായികാ കഥാപാത്രത്തെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. ‘കറുത്ത നിറമുള്ളവരെ കണ്ടാൽ പേടിയാകും’ എന്ന രീതിയിലുളള വളരെ ക്രൂരമായ ഡയലോഗുകളും അതിൽ ഉൾപ്പെടുന്നുണ്ട്.
ഡാർക്ക് കോംപ്ലക്സുള്ള കുട്ടിയുടെ കഥ പറയാൻ അതേ നിറത്തിലുള്ള കുട്ടിയെ അഭിനയിക്കാൻ വിളിക്കാതിരുന്നത് എന്താണ്,വളരെ ക്രൂരമായിരിക്കുന്നു തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഉടൻ സംപ്രേഷണം ആരംഭിക്കുന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിത ജി നായരാണ്.