Zee Kerala New Serial: മലയാളി പ്രേക്ഷകരെ തേടി സീ കേരളയിൽ പുതിയൊരു സീരിയലെത്തുകയാണ്. ഏപ്രിൽ 17 മുതൽ രാത്രി 9 ന് ‘അനുരാഗ ഗാനം പോലെ’ സ്വീകരണമുറകളിലെത്തും. ടെലിവിഷൻ രംഗത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ കവിത നായരാണ് പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖ താരം പ്രിൻസ് ആണ് നായക വേഷത്തിലെത്തുക. 45 വയസ്സുകാരൻ ഗിരിയായി പ്രിൻസും 35 വയസ്സുകാരി സുമിയായി കവിതയും വേഷമിടുന്നു.
കുടുംബത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ചവരാണ് ഗിരിയും സുമിയും. എന്നാൽ കുടുംബബന്ധങ്ങളിൽ നിന്ന് അവഗണനയാണ് ഇവർ നേരിടുന്നത്. ഇവരെ കാണുമ്പോൾ സന്തോഷവും ശുഭാപ്തി വിശ്വാസവുമുള്ള വ്യക്തികളാണെന്ന് തോന്നുമെങ്കിലും ജീവിതത്തിൽ ഒറ്റപ്പെടൽ നേരിടുകയാണ് ഈ കഥാപാത്രങ്ങൾ. ധനികനായ ഗിരി ഹൈ ക്ലാസ്സും സുമി മിഡിൽ ക്ലാസ്സ് ജീവിതവുമാണ് ഇഷ്ടപ്പെടുന്നത്. ജീവിതസാഹചര്യങ്ങളിൽ ഒട്ടനവധി സാദൃശ്യങ്ങളുണ്ടെങ്കിലും തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം വിധി ഇവരെ ശത്രുക്കളാക്കുകയാണ്. പിണക്കങ്ങൾ മറന്ന് ഇവർ ജീവിതത്തിൽ ഒന്നാകുന്നതാണ് ‘അനുരാഗ ഗാനം പോലെ’യുടെ ഇതിവൃത്തം.
“ടെലിവിഷനിൽ എന്നും നല്ല സീരിയലുകളും ഷോകളും ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കാണുന്നു. കുറച്ചു വർഷങ്ങളായി എന്നെ തേടിയെത്തിയ കഥകളിൽ ഏറ്റവും യുക്തിയുള്ളതായി തോന്നിയത് ‘അനുരാഗ ഗാനം പോലെ’ യാണ്. ഈ സീരിയൽ കാണുന്ന ഏതൊരു പ്രായത്തിലുള്ള പ്രേക്ഷകനും ഈ സീരിയലിന്റെയോ എന്റെ കഥാപാത്രമായ സുമിതയുടേയോ യുക്തിയെ ചോദ്യം ചെയ്യില്ല, അതെനിക്ക് ഉറപ്പാണ്,” കവിത പറയുന്നു.
ഗിരിയുടെയും സുമിയുടെയും പ്രണയകഥ പറയുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ സംവിധായകൻ കെ കെ രാജീവ് ആണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രിയ മേനോൻ, നിത, ജസീല പർവീൺ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.