/indian-express-malayalam/media/media_files/uploads/2023/07/akhil-marar-1-3.jpg)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ വിജയകിരീടം ചൂടി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ടൈറ്റിൽ വിന്നറായി വമ്പിച്ച ഭൂരിപക്ഷത്തിൽ അഖിൽ മാരാർ ജയിച്ചു കയറിയിരിക്കുകയാണ്. മാരാരിസം എന്ന ആരാധകർ വിളിക്കുന്ന മാരാരുടെ ഗെയിം സ്ട്രാറ്റജിയാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ആരാണ് അഖിൽ മാരാർ? എങ്ങനെയാണ് മാരാർ വിജയകിരീടം സ്വന്തമാക്കിയത്? മാരാരുടെ ബിഗ് ബോസ് യാത്രയുടെ നാൾവഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം.
സംവിധായകൻ എന്ന മേൽവിലാസത്തിലാണ് അഖിൽ ഷോയിലേക്ക് കയറി വന്നതെങ്കിലും പരാജയപ്പെട്ട ആ സിനിമയേക്കാളും ശ്രദ്ധ അതിനകം തന്നെ അഖിൽ മാരാർ എന്ന വ്യക്തിയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെത്തും മുൻപു തന്നെ വാർത്തകളിലും വിവാദങ്ങളിലുമൊക്കെ നിറഞ്ഞുനിന്നിരുന്നു അഖിൽ. ചാനൽ ചർച്ചകളിലെ സജീവസാന്നിധ്യവും അഖിലിന്റെ രാഷ്ട്രീയവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനുമായി നടത്തിയ വാക്പോരുകളുമെല്ലാം അഖിലിനെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാക്കി.
അഖിൽ ബിഗ് ബോസ് വീട്ടിലെത്തിയ ആദ്യനാളുകളിൽ സമൂഹമാധ്യമങ്ങളിൽ പഴയൊരു വീഡിയോ ചർച്ചയായി. "ബിഗ് ബോസിൽ പോകുമോ എന്ന് ഒരു അഭിമുഖത്തിനിടെ അവതാരക ചോദിച്ചപ്പോൾ, അതിലും നല്ലത് ലുലുമാളിൽ പോയി തുണി പൊക്കി കാണിക്കുന്നതാണെന്ന്," ഷോയെ ഇകഴ്ത്തി സംസാരിച്ച അഖിലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു.
പക്ഷേ പുറത്ത് വിവാദങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും നടക്കുമ്പോൾ, വീടിനകത്ത് തന്റെ ചുവടുറപ്പിക്കുകയായിരുന്നു അഖിൽ. ആദ്യ ആഴ്ച മുതൽ തന്നെ ഷോയിലെ കരുത്തനായ മത്സരാർത്ഥിയെന്ന നിലയിൽ അഖിലിന്റെ പേർ ഉയർന്നു കേട്ടു. ചിരിയുണർത്തിയും തമാശകൾ ഒപ്പിച്ചുമൊക്കെ വീടിനകം ലൈവാക്കി മാറ്റി.
ബിഗ് ബോസ് വീട്ടിലെ മൈൻഡ് ഗെയിമർ, പക്ക എന്റർടെയിനർ, കൗണ്ടർ കിംഗ് എന്നിങ്ങനെയുള്ള വിശേഷണങ്ങളെല്ലാം അഖിൽ സ്വന്തമാക്കി. ഫിസിക്കൽ ടാസ്കുകളിലെയും കലാപ്രകടനങ്ങളിലെയും മികവും വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനുള്ള വാക്‌ചാതുരിയും അഖിലിനു ഗുണം ചെയ്തു. സഹമത്സരാർത്ഥികളോട് എത്ര വഴക്കുണ്ടായാലും ക്ഷമ ചോദിക്കാനും സൗഹൃദം തുടരാനുമുള്ള അഖിലിന്റെ പ്രകൃതവും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗുണമാണ്.
ഒരു ചതുരംഗകളിയിലെ കരുക്കളെ എന്ന പോലെ സഹമത്സരാർത്ഥികളെ തന്റെ ഗെയിം പ്ലാനിലേക്ക് ഉൾപ്പെടുത്തികൊണ്ടാണ് അഖിൽ ബിഗ് ബോസ് വീട്ടിലെ തന്റെ 100 ദിനങ്ങൾ പ്ലാൻ ചെയ്തത്. മാരാർ നിൽക്കുന്നിടത്താണ് കൂട്ടം എന്ന് പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച മത്സരാർത്ഥിയാണ് അഖിൽ. എന്നാൽ, സ്വാഭാവികമായി വന്നുചേർന്ന കൂട്ടമായിരുന്നില്ല അത്. ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പിന് സപ്പോർട്ടിംഗ് പില്ലർ ആവശ്യമാണെന്ന് കണ്ട് മാരാർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് ആ കൂട്ടമെന്നു പറഞ്ഞാലും തെറ്റില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാവും, തുടക്കം മുതൽ തനിക്കൊപ്പം നിൽക്കുന്ന ഒരു ഗ്യാങ്ങിനെ അഖിൽ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ചതുരംഗപലകയിലെ രാഞ്ജിയും മന്ത്രിയുമായി ഷിജുവിനെയും വിഷ്ണുവിനെയും ആദ്യദിവസങ്ങളിൽ തന്നെ മാരാർ അവരോധിച്ചു. ദേവു, മനീഷ, മിഥുൻ എന്നിവരെല്ലാം ആ ചതുരംഗ പലകയിൽ മാരാറെന്ന മത്സരാർത്ഥിയുടെ സ്ഥാനം സേഫാക്കി കൊണ്ടിരുന്നു. ദേവുവും മനീഷയും പടിയിറങ്ങിയപ്പോൾ, ആ വേക്കൻസിയിലേക്ക് അഞ്ജൂസിനെയും അനുവിനെയും ചേർത്തുപിടിച്ചു മാരാർ. ശ്രുതിലക്ഷ്മിയും നാദിറയും സെറീനയും വരെ പലപ്പോഴും മാരാർ പക്ഷത്ത് നിലയുറപ്പിച്ചു. കാലാളുകളും കുതിരയും ആനയും മന്ത്രിയും തുടങ്ങി എല്ലാ പരിവാരങ്ങളും കൊഴിഞ്ഞു പോയിട്ടും അഖിലിന്റെ ചതുരംഗകളത്തിൽ, ഫിനാലെ വേദി വരെ കവചം തീർത്ത് നിന്ന മത്സരാർത്ഥിയാണ് ഷിജു.
/indian-express-malayalam/media/media_files/uploads/2023/06/akhil-marar-biggboss.jpg)
പക്ഷേ ഗെയിമുകളിലും ടാസ്കുകളിലും മികവു പുലർത്തുമ്പോഴും എടുത്തുചാട്ടവും അനിയന്ത്രിതമായ ദേഷ്യവും കാരണം അഖിൽ പലപ്പോഴും പ്രശ്നങ്ങൾ ചെന്നുചാടി. മോഹൻലാലിന്റെയും ബിഗ് ബോസിന്റെയും വാണിംഗ് പല കുറി ഏറ്റുവാങ്ങി. സഹമത്സരാർത്ഥികളുമായുള്ള വഴക്കുകളിൽ കോപം നിയന്ത്രിക്കാനാവാതെ അയാൾ പലപ്പോഴും മറ്റുള്ളവർക്കു നേരെ കയ്യോങ്ങി. ദേഷ്യം തീരുവോളം തെറി വിളിച്ചു. അഖിൽ മാരാർ എന്ന വ്യക്തിയിലെ ഒട്ടും പോളിഷ്ഡ് അല്ലാത്ത വ്യക്തിയെ കൂടെയാണ് ഈ ഷോയിലൂടെ മത്സരാർത്ഥികൾ കണ്ടത്. പക്ഷേ പതിയെ പതിയെ മാരാറിലും മാറ്റങ്ങൾ വന്നു തുടങ്ങി. ഒന്നാം ദിനത്തിൽ നിന്നും നൂറാം ദിവസത്തിലേക്ക് എത്തിയപ്പോൾ ഒരുപരിധിവരെ മാരാരും നവീകരിക്കപ്പെട്ടിരുന്നു. ആ നവീകരണത്തിനു പിന്നിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഒരാൾ ബിഗ് ബോസ് വീട്ടിലെ മാരാരുടെ ഏറ്റവും അടുത്ത സുഹൃത്തായ ഷിജു എആർ ആയിരുന്നു. ദേഷ്യം നിയന്ത്രിക്കാനും മറ്റുള്ളവർക്കു നേരെ നാവുകടിച്ച് തല്ലാനോങ്ങി ഓടിയടുക്കുന്ന സ്വഭാവം മാറ്റിവയ്ക്കാനുമൊക്കെ ഷിജു നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. പ്രിയചങ്ങാതിയ്ക്ക് വേണ്ടി മാരാർ സ്വയം നവീകരിക്കാൻ തയ്യാറായി. തന്റേടിയെന്ന മുഖാവരണം അണിഞ്ഞു നടക്കുന്ന അഖിൽ ഒരുവേള പൊട്ടിക്കരയുന്നതുപോലും ഷിജുവെന്ന സുഹൃത്തിനുമുന്നിലാണ്.
താനാവും ഈ സീസണിലെ വിജയി എന്ന ആത്മവിശ്വാസം ഷോയുടെ തുടക്കക്കാലത്തു തന്നെ അഖിൽ പ്രകടിപ്പിച്ചിരുന്നു. ആഴ്ചകൾ പിന്നിടുമ്പോൾ ആ ആത്മവിശ്വാസം കൂടിവന്നു. ഗെയിമിന്റെ ഗതി വരെ പ്രെഡിക്റ്റ് ചെയ്യുന്ന രീതിയിലുള്ള അഖിലിന്റെ കണക്കുക്കൂട്ടലുകളും സംസാരങ്ങളും പലപ്പോഴും പ്രേക്ഷകർ അമിതാത്മവിശ്വാസമായി വരെ വിലയിരുത്തി. പക്ഷേ ഗെയിമിന്റെ രസതന്ത്രം അപ്പോഴേക്കും അഖിൽ മാരാർ പഠിച്ചെടുത്തിരുന്നു. ആ ഗെയിം പ്ലാൻ തന്നെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയകിരീടം ചൂടാൻ അഖിലിനെ സഹായിച്ച ഘടകം. ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അഖിൽ മാരാരുടെ പേരിൽ തന്നെയാണ് അറിയപ്പെടുക, കാരണം ഈ ഷോയുടെ ഷോ സ്റ്റീലർ അയാൾ തന്നെയായിരുന്നു.
അഖിൽ മാരാർ എന്ന ഗെയിമറെയും ഗെയിം പ്ലാനിനെയും പെർഫോമറെയും എന്റർടെയിനറെയുമൊക്കെ അഭിനന്ദിക്കുമ്പോഴും ചില കാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട്. മാരാരെന്ന ഗെയിമർ ബിഗ് ബോസ് കപ്പിന് അർഹനാണെങ്കിലും മാരാർ എന്ന വ്യക്തി ആ സ്ഥാനത്തിന് അർഹനാണോ എന്നു ചോദിച്ചാൽ അല്ലെന്നു പറയേണ്ടി വരും. കാരണം, പോസിറ്റീവായ ഈ വശങ്ങൾക്കൊപ്പം അത്രതന്നെ നെഗറ്റീവായ വശങ്ങളുമുള്ള ഒരു വ്യക്തിയാണ് അഖിൽ മാരാർ പ്രതിപക്ഷബഹുമാനമില്ലാതെ ഒന്നുപറഞ്ഞ് രണ്ടിന് എതിരാളിയ്ക്ക് നേരെ കയ്യോങ്ങുന്ന ജനാധിപത്യവിരുദ്ധമായ സമീപനം, സമൂഹത്തെ പിന്നോട്ട് വലിയ്ക്കുന്ന ചില പഴഞ്ചൻ ചിന്താഗതികൾ, പാട്രിയാർക്കിയുടെ അമിതസ്വാധീനം, സ്ത്രീകളെ ഇകഴ്ത്തി കെട്ടുന്ന രീതിയിലുള്ള സംസാരം അഖിലിന്റെ ഇത്തരം ചില നെഗറ്റീവ് വശങ്ങൾക്കു കൂടിയാണ് ഈ ബിഗ് ബോസ് ഷോ സാക്ഷിയായത്.
ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെല്ലാം മറ്റുള്ളവരെ സുഖിപ്പിച്ചാണ് മുന്നോട്ടുപോവുന്നതെന്ന രീതിയിലുള്ള വിലയിരുത്തൽ, ഭാര്യയെ തല്ലുന്നത് ആണത്തത്തിന്റെ ലക്ഷണമായി കണ്ട് അത് അഭിമാനത്തോടെ വിളിച്ചു പറയുന്നതും അതിനെതിരെ ഉയർന്ന ചോദ്യങ്ങളെ അഖിൽ കൈകാര്യം ചെയ്ത രീതിയുമെല്ലാം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ടോക്സിക്കായൊരു സമൂഹം തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവരെ തനിക്ക് സ്വാധീനിക്കാനാവും എന്നു മനസ്സിലാക്കിയിട്ടും, സ്ത്രീകൾക്ക് നേരെ കയ്യോങ്ങുന്നതും ഭാര്യയെ തല്ലുന്നതുമൊക്കെ സ്വാഭാവികമാണെന്നും അതിലൊരു വിമർശനത്തിന്റെ ആവശ്യം പോലുമില്ലെന്ന രീതിയിലാണ് അഖിൽ വിലയിരുത്തിയത്. അട്ടപ്പാടി മധുവിനെ കുറിച്ചു നടത്തിയ പരാമർശവും ടോക്സിസിറ്റിയെ പ്രമോട്ട് ചെയ്യുന്ന രീതിയിലുള്ള സംസാരവും എതിരാളികളെ തൃണവത്കരിച്ചു കാണുന്ന, അമിത ആത്മവിശ്വാസവും സഹിഷ്ണുതയില്ലായ്മയും ഇതും അഖിൽ എന്ന വ്യക്തിയുടെ മാറ്റു കുറച്ച ഘടകങ്ങളാണ്. പ്രശസ്തിയ്ക്കൊപ്പം കുപ്രസിദ്ധിയുടെ കിരീടം കൂടി ചുമന്നാണ് അഖിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്നത്. ഒരേസമയം, 'നായകും ഖൽനായകു'മായ ഒരാളുടെ വിജയത്തിനാണ് ഇന്നലെ മലയാളികൾ സാക്ഷികളായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us