ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ അടിപിടിയും വാക്കു തർക്കങ്ങളും മാത്രമല്ല കൂടിച്ചേരലുകളുമുണ്ടാകുന്നുണ്ട്. വീക്ക്‌ലി ടാസ്ക്കിനിടയിൽ ദേവുവും വിഷ്ണുവും തമ്മിലുണ്ടായ കലഹങ്ങൾ ഹൗസിലെ മുഴുവൻ അംഗങ്ങളെയും ഒന്ന് പിടിച്ചു കുലുക്കിയിരുന്നു. എന്നാൽ വഴക്കുണ്ടായതിന്റെ അടുത്ത ദിവസം തന്നെ ഇരുവരും പരസ്പരം മാപ്പ് പറഞ്ഞ് സുഹൃത്തുക്കളായി. ദേവുവിനെ മോശക്കാരിയായി ചിത്രീകരിക്കാൻ നോക്കി എന്നതായിരുന്നു കലഹം തുടങ്ങാൻ കാരണം. ഇതിനെ ചൊല്ലി ദേവു സഹമത്സരാർത്ഥിയായ വിഷ്ണുവിനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ മനീഷയുടെ ഉപദോശ പ്രകാരമാണ് ദേവു സംസാരിക്കാൻ തയാറായത്.
വിഷ്ണുവിനോട് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ദേവു പറഞ്ഞപ്പോൾ ഗെയിമിന്റെ ഭാഗമായിട്ടെങ്കിലും നീ ചെന്നു സംസാരിക്കണമെന്നാണ് മനീഷ പറഞ്ഞത്. ഒടുവിൽ മനീഷ പറഞ്ഞതനുസരിച്ച് ദേവു വിഷ്ണുവിനോടുള്ള സൗഹൃദം പുനർ സ്ഥാപിക്കുകയായിരുന്നു. ഇരുവരും കെട്ടിപ്പിടിക്കുകയും വിഷ്ണു ക്ഷമ പറയുകയും ചെയ്തു. താൻ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദേവുവിന്റെ വീട്ടുക്കാരോടും അത് പറയാൻ ആഗ്രഹിക്കുന്നെന്നും വിഷ്ണു പറഞ്ഞു. ഇരുവരുടെയും ഫാൻ പേജുകളിൽ ഈ സൗഹൃദം ആഘോഷിക്കപ്പെടുകയാണ്.
ഇവർ മാത്രമല്ല ഹൗസിലെ മറ്റ് മത്സരാർത്ഥികൾ ചേർന്ന് സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോയും ശ്രദ്ധ നേടുകയാണ്. സൗഹൃദത്തിന്റെ ഗാനം എല്ലാവരും ഒന്നിച്ച് പാടുന്ന വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.