താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ആരാധകർക്കായി പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന, പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച വിൻസി അലോഷ്യസ് ആണ് തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

വെറുതെ ചിത്രം പങ്കുവയ്ക്കുക മാത്രമല്ല, കുട്ടിക്കാല അനുഭവങ്ങളിൽ നിന്നും പഠിച്ച മൂന്ന് ‘ഗോൾഡൻ’ റൂൾസും വിൻസി പങ്കുവയ്ക്കുന്നുണ്ട്. മൂന്നുചിത്രങ്ങളാണ് വിൻസി ഷെയർ ചെയ്തിരിക്കുന്നത്.

എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യണം എന്നതാണ് ആദ്യത്തെ റൂൾ. ഒരിക്കലും ടീച്ചേഴ്സിനെ മേക്കപ്പ് ഇട്ടുതരാൻ അനുവദിക്കരുത്, പിന്നീട് നിങ്ങൾ അനുഭവിക്കേണ്ടി വരും എന്ന രസകരമായ കമന്റോടെയാണ് രണ്ടാമത്തെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയെ മുടി കെട്ടാൻ അനുവദിക്കരുത്, എണ്ണയിട്ട് അമ്മമാർ ചുരുണ്ട മുടി സ്ട്രെയിറ്റ്​ ആക്കി കളയും എന്നതാണ് മൂന്നാമത്തെ റോൾ. അച്ഛനമ്മമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രവും വിൻസി പങ്കുവച്ചിട്ടുണ്ട്.

മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം? വിൻസി അലോഷ്യസ് എന്ന പൊന്നാനിക്കാരിയെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയ സ്കിറ്റുകളിൽ ഒന്നായിരുന്നു അത്. ആ റിയാലിറ്റി ഷോ തന്നെയാണ് വിൻസിയെ കുട്ടിക്കാലം മുതൽ മനസ്സിലുള്ള സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് കൈപ്പിടിച്ചു നടത്തിച്ചത്.

‘വികൃതി’യിൽ സൗബിൻ സാഹിറിന്റെ നായികയായാണ് വിൻസി അഭിനയിച്ചത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും വിൻസിയ്ക്ക് മികച്ച പ്രതികരണങ്ങൾ നേടികൊടുക്കുകയും ചെയ്ത ഒന്നാണ്.

എഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ അവസാന വർഷ വിദ്യാർത്ഥിനിയായ വിൻസി അലോഷ്യസ് മലപ്പുറം പൊന്നാനി സ്വദേശിനിയാണ്.

Read more: പാർവ്വതിയോട് ഇഷ്ടം; ഐശ്വര്യയോട് അസൂയ; ‘വികൃതി’ നായിക വിന്‍സി പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook