മലയാള ടെലിവിഷനിൽ പുതിയ ചരിത്രം സൃഷ്ടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ടിവി യിലൂടെ മലയാളി പ്രേക്ഷകരുടെ കുടുംബങ്ങളിലേക്ക് ഒരു അതിഥിയെന്ന പോലെ കയറി ചെന്നവരാണ് ആ പരമ്പരയും, അതിലെ കുടുംബവും കഥാപാത്രങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തോളമായി കൂടെ ഉണ്ടായിരുന്ന ആ അതിഥികൾ കഴിഞ്ഞ മൂന്ന് മാസങ്ങളായിട്ട് മലയാളി പ്രേക്ഷകരിലേക്ക് എത്തിയിരുന്നില്ല. ഇപ്പോൾ അതിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ഉപ്പും മുളകിലെ കുടുംബനാഥൻ ബിജു സോപാനം.
നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉപ്പും മുളകും നിർത്തിയത് സംബന്ധിച്ച ബിജു സോപാനത്തിന്റെ വെളിപ്പെടുത്തൽ. ”ക്ലൈമാക്സ് ഒന്നും ഷൂട്ട് ചെയ്തിരുന്നില്ല, പലരും അന്ന് അവിടെ ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഷൂട്ട് നിർത്തിക്കോളാൻ സംവിധായകൻ പറഞ്ഞു. എന്താണെന്ന് അറിയില്ല, ഓഫീസിലേക്ക് പോകട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.” ബിജു സോപാനം പറയുന്നു.
Read Also: ”പെണ്ണിന്റെ കൈ വിയർക്കുന്നതെന്ത്”, മൃദുലയെ റാഗ് ചെയ്ത് യുവ; പെണ്ണു കാണലിനിടയിൽ താരങ്ങളുടെ കുസൃതി
”ഒരു കുടുംബം പോലെ തന്നെ ആയിരുന്നു അവിടെ. രാത്രി ഷൂട്ട് വൈകിയാൽ അവിടെ തന്നെ തങ്ങുന്ന പതിവൊക്കെ ഉണ്ടായിരുന്നു. എല്ലാവരും അവരവരുടെ രീതിയിൽ ഒക്കെയാണ് ഡയലോഗുകൾ പറഞ്ഞിരുന്നത്. എല്ലാവരുടെയും സ്വന്തം കഥകളൊക്കെ പറഞ്ഞിട്ടുണ്ട്. കഥ പറയാനുള്ള പ്രായം എത്താത്ത പാറുക്കുട്ടി മാത്രമാണ് കഥകളൊന്നും പറയാത്തത്. എന്നാലും സ്ക്രിപ്റ്റിൽ നിന്ന് മാറ്റങ്ങൾ വരുത്തി അഭിനയിക്കുകയും, ഇങ്ങനെ ചെയ്യാം എന്നൊക്കെ പാറുക്കുട്ടി പറയുമായിരുന്നു. പലരും ഇതിനു സ്ക്രിപ്റ്റ് ഇല്ലന്ന് ഒക്കെ പറഞ്ഞു കേട്ടിരുന്നു. പക്ഷെ ഇതിനു സ്ക്രിപ്റ്റുണ്ട്. സ്ക്രിപ്റ്റാണ് പരമ്പരയുടെ നട്ടെല്ല്,” ബിജു സോപാനം പറഞ്ഞു.
”സ്ക്രിപ്റ്റിൽ ഇടപെടാനും നമ്മുടെ രീതിയിൽ മാറ്റം വരുത്തി അവതരിപ്പാക്കാനൊക്കെയുള്ള സ്വാതന്ത്രമുണ്ടായിരുന്നു. അഞ്ചുവർഷം എന്നത് ഒരു വലിയ കാലഘട്ടമാണ്. പിന്നെ ഓരോന്ന് മാറി പല രീതികളിൽ ആയി. ഇങ്ങനെ വേണം എന്നൊക്കെ ആയി. കുട്ടികളുടെ കുട്ടിത്തമൊക്കെ മാറിയിരുന്നു. പെട്ടെന്ന് നിർത്തി എന്നതാണ് ഇതിലെ ഏറ്റവും നല്ല കാര്യം. അതുകൊണ്ട് ഒന്നും തോന്നിയില്ല. ആരൊക്കെയോ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരുന്നു, കുറച്ചു നാൾ അങ്ങനെ ഒക്കെ പോയി. പിന്നെയാണ് മെയിൽ വരുന്നതും ഇനി ഉണ്ടാവില്ലെന്ന് ഉറപ്പാകുന്നതും. മെയിൽ വരുന്നതുവരെ ഉപ്പും മുളകും നിർത്തിയെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല.”
ഇപ്പോഴും പരമ്പര റീടെലികാസ്റ്റ് ചെയ്യുന്നതു കൊണ്ട് പല പ്രേക്ഷകർക്കും അറിയില്ല പരമ്പര നിർത്തിയെന്ന്, ആളുകൾ ഇപ്പോഴും കാണുന്നുണ്ട് എന്നത് ഒക്കെ സന്തോഷമാണെന്നും ബിജു സോപാനം പറയുന്നു. നേരത്തെ നീലു എന്ന അമ്മ കഥാപാത്രമായി എത്തിയ നിഷ സാരാഗും ബിജു സോപാനവും ഒരുമിച്ചെത്തി സോഷ്യൽ മീഡിയയിൽ ഉപ്പും മുളകും ഇനിയുണ്ടാവില്ലെന്ന് പറഞ്ഞിരുന്നു.