Uppum Mulakum: നിത്യജീവിതത്തിൽ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുന്ന ‘ഉപ്പും മുളകും’ മലയാളസീരിയൽ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഏറെ വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിച്ചുവരുന്ന ബിജു സോപാനം എന്ന നടന്റെ കരിയറിലും വലിയൊരു ബ്രേക്ക് സമ്മാനിച്ചത് ‘ഉപ്പും മുളകും’ എന്ന സീരിയലാണ്. ‘ഉപ്പും മുളകി’നു മുൻപും പിൻപും എന്നു രണ്ടായി വേർതിരിക്കാവുന്ന രീതിയിൽ ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ‘ഉപ്പും മുളകി’ലെ ബാലു. ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ബിജു സോപാനം അവരുടെ പ്രിയപ്പെട്ട ബാലുചേട്ടൻ ആണ്.
സീരിയലിൽ ബാലുവെന്ന കഥാപാത്രത്തിന്റെ അനിയൻ സുരേന്ദ്രൻ തമ്പിയായി എത്തുന്നത് ബിജു സോപാനത്തിന്റെ യഥാർത്ഥ സഹോദരൻ ബിനോജ് കുളത്തൂരാണ്. ഇരുവരും യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങൾ ആണെന്നത് അധികപേര്‍ക്കും അറിയാത്ത കാര്യമാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂരാണ് ഇരുവരുടെയും നാട്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ പ്രേക്ഷകർക്കും കാണാനിഷ്ടമാണ്.
ഇപ്പോഴിതാ, സഹോദരസ്നേഹത്താൽ കണ്ണു നനയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇരുവരും ഒന്നിച്ചുള്ളൊരു സീനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിയന്റെ സഹോദരസ്നേഹം പരീക്ഷിക്കുന്ന ബാലുവും ബാലുവിന്റെ സൂത്രം പിടികിട്ടി അതിന് അനുസരിച്ച് ചേട്ടനിട്ട് പണികൊടുക്കുന്ന സുരേന്ദ്രൻ തമ്പിയുമാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
Read more: ഉപ്പും മുളകും പോലെ വേറെ ഒന്നില്ല; ബിജു സോപാനം പറയുന്നു
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.