മലയാളത്തിൽ ഏറ്റവും പോപ്പുലറായ സീരിയലാണ് ഉപ്പും മുളകും. സീരിയലിന്റെ രണ്ടാം സീസണാണ് ഇപ്പോൾ ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത്. കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്.
സീരിയലിന്റെ രണ്ടാം സീസണും വിജയകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലിമ എന്ന കഥാപാത്രത്തിന്റെ അമ്മയായി വേഷമിടാൻ പുതിയ മുഖം എത്തിയിരിക്കുന്ന എന്ന വാർത്തയാണ് പ്രേക്ഷകർക്കിടയിലെ ചർച്ചാവിഷയം. പടവലത്തെ ഭവാനിയമ്മ എന്ന കഥാപാത്രത്തിനു പുതിയ രൂപം നൽകുന്നത് ഒരു സോഷ്യൽ മീഡിയ സ്റ്റാറാണ്. സോഷ്യൽ മീഡിയയിലൂടെയും ഷോർട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ കാർത്തിക് ശങ്കറിന്റെ അമ്മ കലാ ദേവിയാണ് സ്ക്രീനിൽ ഭവാനിയായെത്തുന്നത്.
കല ദേവിയുടെ കോമഡി വീഡിയോകൾ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും വൈറലായിരുന്നു. മകനൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന അമ്മയ്ക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. കലാ ദേവിയെ പടവലത്തെ ഭവാനിയായി പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.