ഉപ്പും മുളകും സീരിയൽ പ്രേക്ഷകരുടെ മാനസപുത്രിയാണ് പാറുക്കുട്ടി. മറ്റെല്ലാവരും സ്ക്രിപ്റ്റിന് അനുസരിച്ച് അഭിനയിക്കുമ്പോൾ പാറുക്കുട്ടിയ്ക്ക് മനസ്സിൽ തോന്നുന്നതാണ് സ്ക്രിപ്റ്റ്. തോന്നുമ്പോൾ സ്ക്രീനിലേക്ക് കയറിവന്ന് പെർഫോം ചെയ്തും അതുപോലെ ഇറങ്ങിപ്പോയുമൊക്കെ ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് പാറുക്കുട്ടി. പാറുക്കുട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഫോൺ ചെവിയിൽ വെച്ച് ആരോടൊക്കെയോ സംസാരിക്കുന്നതുപോലെ വലിയ അഭിനയത്തിലാണ് കൊച്ചുമിടുക്കി. “പാറുക്കുട്ടി, ആരാണ് ഫോണിൽ, ബാലു അച്ഛനാണോ,” എന്ന ചോദ്യത്തിന് “ബാലു അച്ഛൻ അല്ല ട്ടോട്ടോയാ ട്ടോട്ടോ…” എന്നാണ് മിടുക്കിയുടെ മറുപടി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗൊന്നുമില്ലാതെ വീടുകളിൽ കഴിയുകയാണ് ഉപ്പും മുളകും താരങ്ങളും. തന്റെ ഓൺ സ്ക്രീൻ മക്കളെയെല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും പാറുക്കുട്ടിയെ എന്ന് സീരിയലിൽ അമ്മയായി അഭിനയിക്കുന്ന നിഷ സാരംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാലഞ്ചുവർഷമായി ഒരു കുടുംബം പോലെ കഴിയുന്ന ഉപ്പും മുളകും അഭിനേതാക്കൾക്കിടയിൽ സീരിയലിനുമപ്പുറം ഒരാത്മബന്ധമുണ്ട്.

“മക്കളെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാവരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പാറുക്കുട്ടിയെ വിളിക്കുമ്പോഴൊക്കെ അവൾ നല്ല കളിയാ. ഞങ്ങളെയൊക്കെ മറന്നുപോവാതിരിക്കാൻ ഇടയ്ക്ക് ഫോട്ടോ ഒക്കെ കാണിച്ചുകൊടുക്കണേ എന്നു ഞാൻ പാറുവിന്റെ​ അമ്മയോട് പറയും. അവള് കുഞ്ഞല്ലേ, പെട്ടെന്ന് വളരില്ലേ? അതാണ്. പക്ഷേ അവൾക്ക് മറവിയൊന്നുമില്ല. ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോ അവരുടെ വീട്ടിൽ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. അത് നോക്കിയിട്ട് ഇടയ്ക്ക് അവൾ അമ്മ, അച്ഛ, ചേച്ചീ, ആനി എന്നൊക്കെ വിളിക്കും… ശിവാനിയെ ആണ് പാറു ആനീന്ന് വിളിക്കുന്നത്,” നിഷ സാരംഗ് പറയുന്നു.

Read more: Uppum Mulakum: ഐ മിസ് യൂ പാറുക്കൂട്ടി; നീലു പറയുന്നു

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook