Uppum Mulakum: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുഞ്ഞുതാരമാണ് പാറുക്കുട്ടി എന്ന ബേബി അമേയ. സീരിയലിൽ പാറുക്കുട്ടിയെന്ന കഥാപാത്രത്തെ ജീവിച്ച് അവതരിപ്പിക്കുന്ന കുഞ്ഞുതാരത്തിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ പാറുക്കുട്ടിയുടെ കുസൃതികളും വിശേഷങ്ങളും വലിയ രീതിയിൽ വാർത്തയാകാറുമുണ്ട്. പാറുക്കുട്ടിയുടെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നീരജ് മാധവിന്റെ ഏറെ തരംഗമായ ‘പണി പാളി’ എന്ന റാപ്പ് സോങ്ങ് പാടുകയാണ് പാറുക്കുട്ടി.
കഴിഞ്ഞ ദിവസം ‘ഉപ്പും മുളകി’ന്റെ എപ്പിസോഡുകളിൽ ഒന്നിലും പാറുക്കുട്ടി ‘പണി പാളി’ പാട്ടുമായി എത്തിയിരുന്നു. എപ്പിസോഡ് തുടങ്ങുന്നതു തന്നെ പാറുക്കുട്ടിയുടെ ‘പണി പാളി’ പാട്ടോടെയാണ്.
ലോക്ക്ഡൗണിനിടയിലും ഒരു കുഞ്ഞനിയൻ ജീവിതത്തിലേക്ക് വന്ന സന്തോഷത്തിലാണ് പാറുക്കുട്ടി. കഴിഞ്ഞ ജൂണിലാണ് പാറുക്കുട്ടിയുടെ അമ്മ ഒരു ആൺകുട്ടിയ്ക്ക് ജന്മമേകിയത്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞനിയനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയും താരത്തിന്റെ ചേച്ചിയും. അനിയനരികിൽ നിന്നും മാറാതെ കുഞ്ഞനിയനെ താലോലിച്ച് ഇരിക്കുകയാണ് പാറുക്കുട്ടിയെന്ന് അമ്മ ഗംഗ പറയുന്നു.
“അനിയനെ കിട്ടിയതിൽ ഏറ്റവും സന്തോഷം പാറുക്കുട്ടിയ്ക്കാണ്. മുഴുവൻ സമയവും അനിയന് അരികിൽ തന്നെയാണ്,” പാറുക്കുട്ടിയുടെ അമ്മ ഗംഗ പറയുന്നു.
കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയു രണ്ടാമത്തെ മകളാണ് അമേയ. ചക്കിയെന്നായിരുന്നു അമേയയുടെ വീട്ടിലെ പേര്. അമേയയുടെ ചേച്ചി അനിഘയുടെ വിളിപ്പേരായിരുന്നു പാറുക്കുട്ടി എന്നത്. എന്നാൽ സീരിയലിലെ പാറുക്കുട്ടി വിളി ഹിറ്റായതോടെ അമേയ വീട്ടിലും നാട്ടിലുമെല്ലാം പാറുക്കുട്ടിയായി മാറുകയായിരുന്നു.
പാറുക്കുട്ടിയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നിലൂടെയായിരുന്നു. ആദ്യ പിറന്നാളാഘോഷിച്ചതും ആദ്യമായി അച്ഛായെന്ന് വിളിച്ചതുമെല്ലാം പ്രേക്ഷകരെ സാക്ഷിയാക്കി. ഉപ്പും മുളകില്‍ സ്‌ക്രിപ്റ്റില്ലാതെ അഭിനയിക്കുന്ന താരമെന്നായിരുന്നു പാറുക്കുട്ടിക്കുള്ള വിശേഷണം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമായാണ് പലരും പാറുക്കുട്ടിയെ വിശേഷിപ്പിച്ചത്. പാറുക്കുട്ടിയെ കാണാൻ വേണ്ടി മാത്രമായി ഉപ്പും മുളകും കാണുന്നവരുമുണ്ട്.
Read more: ഹലോ, ബാലു അച്ഛൻ ആണോ? ഫോൺവിളിയുമായി പാറുക്കുട്ടി തിരക്കിലാണ്