മിനിസ്ക്രീൻ പ്രേക്ഷകരെ സംബന്ധിച്ച് ‘ഉപ്പും മുളകും’ സീരിയൽ കുടുംബം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാലുവും നീലുവും ലെച്ചുവും മുടിയനും ശിവാനിയും കേശുവും പാറുക്കുട്ടിയും ബന്ധുക്കളുമൊക്കെ സ്വന്തം വീട്ടിലെ ആരോ ആണെന്ന തോന്നലാണ് പ്രേക്ഷകർക്ക്. ഇപ്പോഴിതാ, സീരിയലിലേക്ക് പുതുതായി എത്തിയ ഒരു സുന്ദരിക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് പ്രേക്ഷകരുടെ അന്വേഷണം.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിലാണ് പൂജ എന്നൊരു പുതിയ കഥാപാത്രം എത്തിയിരിക്കുന്നത്. മുടിയന്റെ കടുത്ത ആരാധികയായാണ് പൂജയെ പരിചയപ്പെടുത്തുന്നത്. പാറമട വീട്ടിലേക്കുള്ള പൂജയുടെ വരവും ബാലുവിനോടും നീലുവിനോടും മറ്റുള്ളവരോടുമുള്ള പൂജയുടെ പെരുമാറ്റവുമെല്ലാം ചിരിക്കോളൊരുക്കുന്നതായിരുന്നു. ചാനൽ അവതാരകയായ അശ്വതി നായരാണ് പൂജയായി എത്തിയത്. സൂര്യ മ്യൂസിക്കിൽ അവതാരകയായ അശ്വതി മിനിസ്ക്രീൻ പ്രേക്ഷകരിൽ ചിലർക്കെങ്കിലും പരിചിതമായ മുഖമാണ്.
ലോക്ക്ഡൗൺ സമയത്ത് ചിത്രീകരണം നിർത്തിവച്ചിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഉപ്പും മുളകും ടീം. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സീരിയലുകളുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു ഈ എപ്പിസോഡ്.
പരിമിതമായ ആളുകളെ വെച്ചാണ് ഇപ്പോൾ സീരിയലിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നീലുവും ബാലുവും മുടിയനും ശിവാനിയും കേശുവുമാണ് പുതിയ എപ്പിസോഡിലെ പ്രധാന കഥാപാത്രങ്ങൾ. കുട്ടിത്താരം പാറുക്കുട്ടി പുതിയ ഷെഡ്യൂളിൽ ഇല്ല. കൊറോണ ജാഗ്രതാനിർദ്ദേശങ്ങളുടെ ഭാഗമായി പത്തുവയസിനു താഴെയുള്ള കുട്ടികളും പ്രായമായവരും വീടിനകത്ത് കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പിൻതുടരുന്നതിന്റെ ഭാഗമായാണ് തൽക്കാലം സീരിയലിൽ നിന്നും പാറുക്കുട്ടിയെ മാറ്റി നിർത്തിയിരിക്കുന്നത്. പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളും ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പിൻവലിക്കുന്നതുവരെ സീരിയലിൽ ഉണ്ടാകില്ലെന്ന് ‘ഉപ്പും മുളകു’മായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
Read more: കുഞ്ഞനിയനെ കണ്ട് മതിയാവാതെ പാറുക്കുട്ടി; ചിത്രങ്ങൾ