/indian-express-malayalam/media/media_files/uploads/2020/06/Uppum-mulakum.jpg)
Uppum Mulakum: ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഉപ്പും മുളകും ടീം. ലോക്ക്‌ഡൗൺ സമയത്ത് എല്ലാ സീരിയലുകളും അവയുടെ ചിത്രീകരണം നിർത്തിവെച്ചതോടെ സീരിയൽ ലോകവും അനിശ്ചിതാവസ്ഥയിലായിരുന്നു. മുൻ എപ്പിസോഡുകൾ റീ ടെലികാസ്റ്റ് ചെയ്യുകയായിരുന്ന ചാനലുകൾ എല്ലാം തന്നെ. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സീരിയലുകളുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ഏറെ ആരാധകരുള്ള ഉപ്പും മുളകും സീരിയലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ വിശേഷം. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്താണ് ഈ എപ്പിസോഡ്.
പരിമിതമായ ആളുകളെ വെച്ചാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. നീലുവും ബാലുവും മുടിയനും ശിവാനിയും കേശുവുമാണ് പുതിയ എപ്പിസോഡിലെ പ്രധാന കഥാപാത്രങ്ങൾ. കുട്ടിത്താരം പാറുക്കുട്ടി പുതിയ ഷെഡ്യൂളിൽ ഇല്ല. കൊറോണ ജാഗ്രതാനിർദ്ദേശങ്ങളുടെ ഭാഗമായി പത്തുവയസിനു താഴെയുള്ള കുട്ടികളും പ്രായമായവരും വീടിനകത്ത് കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പിൻതുടരുന്നതിന്റെ ഭാഗമായാണ് തൽക്കാലം സീരിയലിൽ നിന്നും പാറുക്കുട്ടിയെ മാറ്റി നിർത്തിയിരിക്കുന്നത്. പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളും ലോക്ക്‌ഡൗൺ പൂർണമായും പിൻവലിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പിൻവലിക്കുന്നതുവരെ സീരിയലിൽ ഉണ്ടാകില്ലെന്ന് 'ഉപ്പും മുളകു'മായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഉപ്പും മുളകും പ്രേക്ഷകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട് ഇത്തവണ. ഇനി ആഴ്ചയിൽ എല്ലാ ദിവസവും പാറമട വീട്ടിലെ വിശേഷങ്ങളുമായി ഉപ്പും മുളകും പ്രേക്ഷകരുടെ സ്വീകരണമുറിയിലെത്തും. മുൻപ് ആഴ്ചയിൽ അഞ്ചുദിവസമായിരുന്നു ഉപ്പും മുളകിന്റെ സംപ്രേക്ഷണം. എന്നാൽ ഇനി കുറച്ചുകാലത്തേക്ക് ആഴ്ചയിൽ ഏഴുദിവസവും ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യാനാണ് ചാനലിന്റെ പുതിയ തീരുമാനം.
അതേസമയം, ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ എത്തിയ സന്തോഷത്തിലാണ് പാറുക്കുട്ടി. അനിയനൊപ്പമുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയു രണ്ടാമത്തെ മകളാണ് അമേയ. ചക്കിയെന്നായിരുന്നു അമേയയുടെ വീട്ടിലെ പേര്. അമേയയുടെ ചേച്ചി അനിഘയുടെ വിളിപ്പേരായിരുന്നു പാറുക്കുട്ടി എന്നത്. എന്നാൽ സീരിയലിലെ പാറുക്കുട്ടി വിളി ഹിറ്റായതോടെ അമേയ വീട്ടിലും നാട്ടിലുമെല്ലാം പാറുക്കുട്ടിയായി മാറുകയായിരുന്നു.
Read more: ഉപ്പും മുളകും പാറുക്കുട്ടിക്ക് ഒരു കുഞ്ഞനിയൻ കൂടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ബിജു സോപാനം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എല്ലാവരും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുമ്പോൾ ഈ ഒരു വയസ്സുകാരി ജീവിക്കുകയാണ്. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. ഒന്നര വയസ്സകാരിയുടെ നിഷ്കളങ്കതയും സ്വാഭാവികമായ ഭാവങ്ങളുമൊക്കെയാണ് പാറുക്കുട്ടിയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ഉപ്പും മുളകിന് ആരാധകർ ഏറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.