Uppum Mulakum: പാറമട വീട്ടിൽ നിന്നും ഒരു യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് മുടിയനും സഹോദരങ്ങളും. പാറമട മീഡിയ എന്നു പേരിട്ടിരിക്കുന്ന ചാനലിന്റെ പിറവിയുടെ കഥയും രസകരമായ സംഭവങ്ങളും ദുരന്തപൂർണമായ പര്യവസാനവുമൊക്കെ പറയുന്ന ഉപ്പും മുളകും എപ്പിസോഡ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മുടിയനും കേശുവും പാർട്ണർമാരാകുന്ന മീഡിയയുടെ ക്രിയേറ്റീവ് കാര്യങ്ങൾ ലെച്ചു കൈകാര്യം ചെയ്യുന്നു. പാറുക്കുട്ടിയുടെ പൂമ്പാറ്റ നൃത്തത്തിനു ലഭിക്കുന്ന പ്രതികരണം കൂടുതൽ പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രചോദനം നൽകുകയാണ് മുടിയനും സംഘത്തിനും. എന്നാൽ കാശുവാങ്ങി സിനിമാ റിവ്യൂന് ഇറങ്ങിയ മുടിയന് കിട്ടുന്ന പണി ചില്ലറയല്ല.
Uppum Mulakum: മുതിയാ, താതാവേ; ചേട്ടന്മാരെ ഇരട്ടപ്പേര് വിളിച്ച് വികൃതി പാറു- വീഡിയോ
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.
നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.