/indian-express-malayalam/media/media_files/uploads/2023/07/rishi-.jpg)
ഉപ്പും മുളകും താരം ഋഷിയുടെ അഭിമുഖത്തിൽ നിന്ന്, ( Photo: Variety Media/Youtube)
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ആരാധകരുള്ള പരമ്പരയാണ് 'ഉപ്പും മുളകും.' സിറ്റ്‌കോം ഴോണറിൽ ഒരുങ്ങിയ ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബാലും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലു മാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി മുടിയന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഋഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിക്കുന്നത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞു. ഇതുവരെയ്ക്കും പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ടു ദിവസത്തിനുള്ളിൽ സംപ്രേഷണം ചെയ്യുമെന്ന വിവരം താൻ അറിഞ്ഞെന്നും ഋഷി കൂട്ടിച്ചേർത്തു. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിക്കുന്നുണ്ട്.
"കഴിഞ്ഞ നാലു മാസങ്ങളായി ഞാൻ ഉപ്പും മുളകിലില്ല. ഞാൻ അവിടെയില്ലെങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അതെനിക്ക് കുഴപ്പമില്ല. പക്ഷെ ഇപ്പോൾ അവർ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ്സ് കേസിൽ അകത്തായെന്നാണ്. ഇതെനിക്ക് വിശ്വസിക്കാവുന്ന ഒരാൾ അകത്ത് നിന്ന് പറഞ്ഞതാണ്. അയാളുടെ പേര് പറയാൻ പറ്റില്ല. എപ്പിസോഡ് ഇതുവരെ പുറത്ത് വന്നിട്ടില്ല, ചിലപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആ എപ്പിസോഡ് ഇറങ്ങണമെന്നില്ല. ഷൂട്ട് കഴിഞ്ഞു, രണ്ട് ദിവസത്തിനകം സംപ്രേഷണം ചെയ്യുമെന്നാണ് ഞാൻ അറിഞ്ഞത്"
ഉണ്ണി സർ ആണ് ഉപ്പും മുളകിന്റെ ക്രിയേറ്റർ. ഇത് ആരംഭിച്ച് ഒന്ന്, രണ്ട് പ്രാവിശ്യം നിർത്തി വച്ചിട്ടുണ്ട്. അതെല്ലാം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. ഇതും അങ്ങനെ തന്നെയാണ്. എനിക്ക് സോഷ്യൽ മീഡിയയിൽ വന്ന് ഇതൊക്കെ പറയാൻ പേടിയായിരുന്നു. അതുകൊണ്ടാണ് ഈ നാലു മാസം ഞാൻ മിണ്ടാതിരുന്നത്"
"ഇപ്പോൾ സിറ്റ്‌കോം സീരിയലായി. ഞാൻ അവിടെ നിന്ന് മാറി നിന്നതിന്റെ പ്രധാന കാരണമിതാണ്. ഇതൊരു സിറ്റ്‌കോമാണ്, സീരിയലിനായി ഞങ്ങളാരും സൈൻ ചെയ്തിട്ടില്ല. മുടിയൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്നത് വരെ ഇത് നോമർമലായിരുന്നു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറെ വ്യക്തിപരമായ മോശം കമന്റുകൾ ലഭിച്ചു. ഞങ്ങൾ ഇതിനെതിരെ പ്രതികരിച്ചതുമാണ്"
"ഇതിനു മുൻപും ഉണ്ണി സറിന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ആദ്യം അമ്മയുടെ( നിഷ സാരംഗ്) നേരെയായിരുന്നു ഇപ്പോൾ എന്റെടുത്തേക്കാണ്. ചില സമയത്ത് പേടിച്ചാണ് നമ്മൾ സെറ്റിൽ നിൽക്കുന്നത്. എല്ലാവരും അവിടെ സൈലൻസ്ഡാണ്. ഈ എപ്പിസോഡ് ഷൂട്ട് ചെയ്യരുതെന്ന് അവരെല്ലാവരും അഭ്യർത്ഥിച്ചിരുന്നു. ഉണ്ണി സറിന്റെ നിർബന്ധമായിരുന്നു. ഹറാസ്സിങ്ങ്, ടോർച്ചറിങ്ങ് അങ്ങനെയൊരു അവസ്ഥയിലാണിപ്പോൾ," ഋഷി പറയുന്നു.
ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഋഷി ആരോപണങ്ങൾ ഉയർത്തിയത്. വീഡിയോയ്ക്ക് അവസാനം ഋഷി പൊട്ടിക്കരയുന്നുമുണ്ട്. താരത്തിന് പിന്തുണ നൽകി കൊണ്ട് അനവധി ആളുകളാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.