കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ നിഷ സാരംഗിന് എപ്പോഴും മക്കൾ ഏഴാണ്. മൂത്ത മകൾ രേവതിയെ മുതൽ ‘ഉപ്പും മുളകും’ സീരിയലിലെ കുട്ടിക്കുറുമ്പി പാറുക്കുട്ടിയെ വരെ അമ്മസ്നേഹത്താൽ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട നീലു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാക്കനാട്ടെ വീട്ടിൽ സ്വന്തം മക്കൾക്കും പേരക്കുട്ടിയ്ക്കുമൊപ്പം വീണുകിട്ടിയ അവധിക്കാലം ചെലവഴിക്കുകയാണ് നിഷ. പക്ഷേ, അപ്പോഴും തന്റെ ഓൺ സ്ക്രീൻ മക്കളെയെല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് നിഷ പറയുന്നത്. നാലഞ്ചുവർഷമായി ഒരു കുടുംബം പോലെ കഴിയുന്ന ഉപ്പും മുളകും അഭിനേതാക്കൾക്കിടയിൽ സീരിയലിനുമപ്പുറം ഒരാത്മബന്ധമുണ്ട്.
“മക്കളെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാവരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പാറുക്കുട്ടിയെ വിളിക്കുമ്പോഴൊക്കെ അവൾ നല്ല കളിയാ. ഞങ്ങളെയൊക്കെ മറന്നുപോവാതിരിക്കാൻ ഇടയ്ക്ക് ഫോട്ടോ ഒക്കെ കാണിച്ചുകൊടുക്കണേ എന്നു ഞാൻ പാറുവിന്റെ അമ്മയോട് പറയും. അവള് കുഞ്ഞല്ലേ, പെട്ടെന്ന് വളരില്ലേ? അതാണ്. പക്ഷേ അവൾക്ക് മറവിയൊന്നുമില്ല. ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോ അവരുടെ വീട്ടിൽ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. അത് നോക്കിയിട്ട് ഇടയ്ക്ക് അവൾ അമ്മ, അച്ഛ, ചേച്ചീ, ആനി എന്നൊക്കെ വിളിക്കും… ശിവാനിയെ ആണ് പാറു ആനീന്ന് വിളിക്കുന്നത്,” നിഷ സാരംഗ് പറയുന്നു.
ലോക്‌ഡൗൺ സമയത്തും സമയം തള്ളിനീക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്ന് നിഷ പറയുന്നു. “ഭാഗ്യത്തിന് മക്കളും പേരക്കുട്ടിയുമെല്ലാം കൂടെയുണ്ട്. സാധാരണ ചെറിയ മകൾ എപ്പോഴും ബാംഗ്ലൂരിൽ കോളേജിലാണ് ഉണ്ടാവാറുള്ളത്. ഇതിപ്പോൾ ലോക്‌ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്നത് ആശ്വാസമായി, അല്ലെങ്കിൽ ഞാൻ ടെൻഷനടിച്ച് മരിച്ചേനെ.”

“എല്ലാവരും പറയുന്നതുപോലെ സമയം പോകാത്ത പ്രശ്നമൊന്നുമില്ല എനിക്ക്. സത്യം പറഞ്ഞാൽ സമയം തികയുന്നില്ല എന്നു പറയാം. വല്ലപ്പോഴുമല്ലേ ഇങ്ങനെ വീട്ടിൽ ഇരുന്ന് ഇവർക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുത്തും അവരുടെ കാര്യങ്ങൾ നോക്കിയും വീട്ടിലെ ജോലികൾ നോക്കിയുമൊക്കെ ഇരിക്കാൻ കഴിയൂ. വർഷങ്ങളായി സീരിയൽ തിരക്കുകൾക്കിടയിൽ ആയതുകൊണ്ട് ഇങ്ങനെയൊന്നും പറ്റാറില്ല. രാവിലെയും വൈകിട്ടും പ്രാർത്ഥിക്കാൻ പറ്റുക എന്നത് എനിക്കൊരു ആശ്വാസമാണ്. സാധാരണ ഷൂട്ടൊക്കെ കഴിഞ്ഞെത്തുമ്പോൾ വൈകും, പ്രാർത്ഥനയൊന്നും നടക്കുന്നില്ലായിരുന്നു. ഇതിപ്പോ പ്രാർത്ഥിക്കാനും സമയം കിട്ടുന്നുണ്ട്.” നിഷ കൂട്ടിച്ചേർക്കുന്നു.
“ആകെയുള്ള സങ്കടം ആരെയും ഇറങ്ങിച്ചെന്ന് സഹായിക്കാൻ പറ്റില്ലല്ലോ എന്നതാണ്. പ്രളയസമയത്തൊക്കെ കുറേപേരെ സഹായിക്കാൻ ഇറങ്ങിയിരുന്നു, ഇത് പക്ഷേ അവസ്ഥ വേറെയല്ലേ. ആളുകളിൽ നിന്ന് അകന്നു നിൽക്കുകയാണല്ലോ വേണ്ടത്.”
ഷൂട്ടിംഗ് എല്ലാം നിർത്തിവെച്ചതിനാലും ഷൂട്ട് ചെയ്ത എപ്പിസോഡുകൾ തീർന്നതിനാലും മറ്റു സീരിയലുകളെ പോലെ ‘ഉപ്പും മുളകും’ ഇപ്പോൾ റീടെലികാസ്റ്റ് ചെയ്യുകയാണ് ചാനൽ.
ലോക്‌ഡൗൺ കാലം ചിന്തിപ്പിക്കുന്ന ഒന്നു കൂടിയാണെന്ന് നിഷ പറയുന്നു. “ലോകത്തുള്ള എല്ലാ ആൾക്കാരും തിരക്കിന്റെ പിറകെയുള്ള ഓട്ടത്തിലായിരുന്നു. പണം സമ്പാദിക്കുന്നതിനിടയിൽ സ്നേഹവും ബന്ധവുമൊക്കെ മറന്ന പോലെ, ഇപ്പോഴാവും ആളുകൾ തിരിച്ചറിയുക. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ എന്തൊക്കെ മിസ് ചെയ്തിട്ടുണ്ടെന്ന്. ഞാൻ മക്കളോടും പറയാറുണ്ട് ഇത്.”
“കുട്ടികളെയൊക്കെ അടുത്തി പിടിച്ചുരുത്തി ഉപദേശിക്കാനും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാനുമൊക്കെ പറ്റുന്നുണ്ട് ഉപ്പോൾ. അവരും കുറേമാറി, ഭക്ഷണമൊക്കെ ആവശ്യത്തിന് മാത്രമേ എടുക്കൂ, വേസ്റ്റ് ആക്കുന്ന പരിപാടിയൊക്കെ നിർത്തി. സാധനങ്ങളൊന്നും വേസ്റ്റാക്കാതെ സൂക്ഷിച്ചു ജീവിക്കണം മക്കളേ, നാളെ എന്താകുമെന്ന് ആർക്കുമറിയില്ല എന്നൊക്കെ പറയുമ്പോൾ അവർക്കും അത് മനസ്സിലാവുന്നുണ്ട്. എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ എല്ലാവരും കൂടി ഇങ്ങനെ കുറച്ചധികം ദിവസം ഒന്നിച്ചു താമസിക്കുന്നത്.” കടന്നുപോകുന്ന പ്രതിസന്ധികളുടെ ഈ കാലത്തെയും പോസിറ്റീവായി സമീപിക്കുകയാണ് നിഷ.
Read more: Uppum Mulakum: നീലു അമ്മ മുത്താണ്, വിവാഹ വീട്ടിലെത്തി ആരാധികയെ ആശീർവദിച്ച് നിഷ സാരംഗ്