Uppum Mulakum: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഉപ്പും മുളകും സീരിയലിലെ നീലുവെന്ന കുടുംബിനിയെ അനശ്വരയാക്കുന്ന നിഷ സാരംഗ്. ആരും കൊതിക്കുന്ന ഒരു അമ്മ സാന്നിധ്യമാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് നീലു. ഏതാൾക്കൂട്ടത്തിലും നീലുവമ്മേ എന്ന വിളിയോടെ തന്റെയരികിൽ എത്തുന്ന ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കുറിച്ച് നിരവധി തവണ നിഷ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്നെ വിവാഹം ക്ഷണിച്ച ആരാധികയുടെ വീട്ടിലെത്തി ആശീർവദിച്ച നിഷയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ശ്രീലക്ഷ്മി എന്ന യുവതിയാണ് ഫെയ്സ്ബുക്കിൽ നീലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നീലുവമ്മയുടെ സ്നേഹത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. “കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ രണ്ടു ദിവസം മുന്നേ നീലു അമ്മയെ അത് ഓർമ്മിപ്പിക്കാൻ ഞാൻ വിളിച്ചു. പുള്ളിക്കാരി കൊടുങ്ങല്ലൂർ അമ്പലത്തിൽ അന്ന് തൊഴാൻ വരുന്നുണ്ടെന്നും, കല്യാണ ദിവസം ഷൂട്ട് ഉള്ളതിനാൽ ഇന്ന് വീട്ടിലേക്ക് വരുന്നു എന്നും പറഞ്ഞു, വീട്ടിൽ വന്നു. എന്നെ അനുഗ്രഹിച്ചു. 2-3 വട്ടം കണ്ട പരിചയം മാത്രമേ ഉള്ളു. എന്നിട്ടും ഇത്രേം ചെയ്യുവാൻ കാണിച്ച മനസ്സ്! നീലു അമ്മ മുത്താണ്,” ശ്രീലക്ഷ്മി കുറിക്കുന്നു.
Read more: Uppum Mulakum: അയര്‍ലൻഡിലെ ആ മകനെ തേടി നീലു
” മുടിയൻ മുതൽ പാറുക്കുട്ടി വരെ ‘ഉപ്പും മുളകി’ലെ കുട്ടികളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. ഉപ്പും മുളക് വിട്ട് പോവുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ, എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ അത്രയും എനിക്കിഷ്ടമാണ് ആ കുട്ടികളെയും. പാറുക്കുട്ടിയെ കഴിഞ്ഞ ഷെഡ്യൂളിൽ 15 ദിവസത്തോളം കാണാതെ ഇരുന്നപ്പോൾ വല്ലാതെ മിസ്സ് ചെയ്തു. അമ്മ എന്ന രീതിയിൽ മുൻപ് ഞാനിത്ര ലാളിത്യമുള്ള അമ്മയായിരുന്നോ എന്നെനിക്ക് അറിയില്ല. എന്നാൽ ഇപ്പോൾ ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളോടും സൗഹൃദത്തോടെ ഇടപെടാനും അവരെ സ്നേഹിക്കാനും എനിക്ക് കഴിയും,” ഉപ്പും മുളകും സമ്മാനിച്ച കുഞ്ഞുങ്ങളെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ നിഷ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
മലയാളം ടെലിവിഷൻ സീരിയൽ കാഴ്ചക്കാരുടെ ആസ്വാദന ശൈലിയെ മാറ്റി മറിച്ച് മുന്നേറുകയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ബാലുവും കുടുംബവും ഇന്ന് മലയാളികളുടെ സ്വീകരണ മുറികളിലെ സ്ഥിരസാന്നിധ്യമാണ്.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.