/indian-express-malayalam/media/media_files/uploads/2022/06/Uppum-Mulakum-2-1.jpg)
Uppum Mulakum 2: കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉപ്പും മുളകും' എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. എന്നാൽ, ഉപ്പും മുളകും ആരാധകർക്ക് സന്തോഷം നൽകികൊണ്ട് പരമ്പര വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം എത്തിയ ബാലുവിനെയും നീലുവിനെയും മുടിയനെയും ലച്ചുവിനെയും ശിവാനിയേയും കേശുവിനെയും പാറുക്കുട്ടിയേയുമെല്ലാം നിറസന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഫലമോ, രണ്ടു ദിവസങ്ങൾക്കു മുൻപ് സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ കയറിയിരിക്കുകയാണ്. ജൂൺ 13നാണ് ഉപ്പും മുളക് സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
വൻപ്രേക്ഷക പിന്തുണയാണ് തുടക്കം മുതൽ ഈ കുടുംബ കോമഡി സീരിയലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും 'ഉപ്പും മുളകും' പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ചാനലിൽ 'ഉപ്പും മുളകും' കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ പരമ്പര കാണുന്നുണ്ടാവുക.
കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കൾ പോലും 'ഉപ്പും മുളകും' എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരാണ് ഇന്ന്. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന 'ഉപ്പും മുളകി'ന്റെ യുഎസ്‌പി എന്നു പറയാവുന്നത് അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് 'ഉപ്പും മുളകി'ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.
Read more: Uppum Mulakum: 5 വർഷങ്ങൾ, 1200 എപ്പിസോഡുകൾ; ബോറടിപ്പിക്കാതെ, മടുപ്പിക്കാതെ ‘ഉപ്പും മുളകും’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.