ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ടെലിവിഷൻ താരം സമീർ ശർമയെ മരിച്ചനിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. ബുധനാഴ്ച രാത്രി മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച രീതിയിൽ കണ്ടെത്തിയത്. മലാദിൽ സമീർ ശർമ താമസിക്കുന്ന കെട്ടിടത്തിലെ സെക്യൂരിറ്റിക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്ന് മിഡ്- ഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.

“ആകസ്മിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്,” മലാദ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ് വാർത്തകളോട് പ്രതികരിച്ചു.

കഹാനി ഘർ ഘർ കീ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജ്യോതി, ഇസ് പ്യാർ കോ ക്യാ നാം ഡൂൺ, ഏക് ബാർ ഫിർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അഭിനേതാവാണ് സമീർ ശർമ. യേ റിശ്തെ ഹായ് പ്യാർ കെ എന്ന സീരിയലിലാണ് അവസാനമായി സമീർ ശർമ അഭിനയിച്ചത്.

2017 ൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ‘യേ റിശ്തെ ഹായ് പ്യാർ കെ’ എന്ന സീരിയലിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ലോക്ക്ഡൗൺ ആയതിൽ പിന്നെ സമീറിന്റെ ഭാഗങ്ങളൊന്നും ഷൂട്ട് ചെയ്തിരുന്നില്ല. മറ്റ് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സീരിയൽ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

നടന്റെ മരണത്തെ തുടർന്ന് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പിനോട് പ്രതികരിച്ചുകൊണ്ടുള്ള ബോളിവുഡ് നടൻ റിച്ച ചദ്ദയുടെ ട്വീറ്റും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

“ബ്ലോഗ് എഴുതിയപ്പോൾ, ഇനിയും ആത്മഹത്യകൾ ഉണ്ടാകുമെന്ന് ഞാൻ സൂചനകൾ നൽകിയിരുന്നു. ദുഖകരമാണ്, എങ്കിലും ഇനിയും ഇത്തരം ദുഖകരമായ വാർത്തകൾ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഷോ ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് യാതൊരുവിധ സുരക്ഷയുമില്ല. പുനരാലോചനകൾ നടക്കട്ടെ, റോയൽറ്റി ചർച്ച ചെയ്യുക. നിങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുക. ചുറ്റുമുള്ളവരോട് അനുകമ്പ പുലർത്തുക, വിട സമീർ.”

Read more: ഞങ്ങൾ ഒന്നിച്ച് ജീവിക്കുമ്പോഴും ഇതിലും വലിയ പ്രശ്നങ്ങളെ സുശാന്ത് നേരിട്ടിട്ടുണ്ട്: അങ്കിത

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook