സുശാന്തിനെ ഏറെ പ്രശസ്തനാക്കിയ ടിവി ഷോയായിരുന്നു ‘പവിത്ര റിഷ്ത’. ‘പവിത്ര റിഷ്ത’യുടെ രണ്ടാം സീസൺ നടി അങ്കിത ലോഖണ്ഡെ ബാലാജി ടെലിവിഷൻ മേധാവിയായ ഏക്ത കപൂറിനെ സമീപിച്ചതായി റിപ്പോർട്ട്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന് ഷോയിലൂടെ ആദരാഞ്ജലി അർപ്പിക്കാൻ താരം ആഗ്രഹിക്കുന്നുവെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.

2009 ലാണ് ‘പവിത്ര റിഷ്ത’ സംപ്രേക്ഷണം ചെയ്തത്. കാർ മെക്കാനിക്കായ മാനവും അർച്ചന എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയമായിരുന്നു ‘പവിത്ര റിഷ്ത’ പറഞ്ഞത്. മാനവ് എന്ന കഥാപാത്ര സുശാന്ത് അവതരിപ്പിച്ചപ്പോൾ അർച്ചനയായി എത്തിയത് അങ്കിതയായിരുന്നു. സുശാന്ത്- അങ്കിത ജോഡികളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ശ്രദ്ധ നേടുകയും ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരജോഡികളാവുകയും ചെയ്തു. 1400 എപ്പിസോഡുകൾ ‘പവിത്ര റിഷ്ത’ പൂർത്തിയാക്കിയിരുന്നു.

Read more: നാനീ നാനീ എന്നു വിളിച്ച് ഒപ്പം കൂടിയിരുന്ന കുട്ടി, അവനെന്തിന് ഇത് ചെയ്തു?

“സുശാന്തിനെ സംബന്ധിച്ച് ഹൃദയത്തോട് അടുത്ത ഒന്നായിരുന്നു ‘പവിത്ര റിഷ്ത’, സുശാന്തിനെ പ്രശസ്തനാക്കുകയും ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ഷേോ ആയിരുന്നു. ഷോയ്ക്ക് രണ്ടാം സീസൺ വന്നാൽ അത് സുശാന്തിനുള്ള ആദരാഞ്ജലിയായിരിക്കുമെന്ന് അങ്കിതയും ഏക്തയും കരുതുന്നു. അങ്കിതയാണ് ഈ ആശയം മുന്നോട്ട് വെച്ചത്,” ഇരുവരോടും അടുത്ത പ്രതിനിധി മുംബൈ മിററിനോട് പ്രതികരിച്ചു. അങ്കിതയുടെ ആശയം ഏക്തയ്ക്കും ഇഷ്ടപ്പെട്ടുവെന്നും എങ്ങനെ കഥ മുന്നോട്ട് കൊണ്ടുപോകാം എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്. “നിത്യശാന്തി സുശീ…ആകാശത്ത് നക്ഷത്രത്തെ കാണുകയും അത് നിങ്ങളാണെന്ന് അറിയുകയും ചെയ്യുമ്പോൾ ഞങ്ങൾ പുഞ്ചിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. എന്നെന്നേക്കുമായി നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സുശാന്തിന് ടെലിവിഷൻ ലോകത്ത് ആദ്യത്തെ ബ്രേക്ക് സമ്മാനിച്ച ഏക്ത കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമെന്നാണ് ഏക്ത സുശാന്തിനെ വിശേഷിപ്പിച്ചത്.

Read more: നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം; സുശാന്ത് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് സഞ്ജന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook