മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ‘തട്ടീം മുട്ടീം’ സീരിയലിലെ മായാവതി അമ്മയുടെ കുടുംബം. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവർ. എട്ടുവർഷമായി ഒരു വീട്ടിലെ അംഗങ്ങളെ പോലെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്നവരാണ് ഈ അഭിനേതാക്കളും. ഇപ്പോഴിതാ, ‘തട്ടീം മുട്ടീം’ പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഭാഗ്യലക്ഷ്മി സീരിയൽ വിട്ടുപോവുന്നു എന്ന വാർത്തകളാണ് വരുന്നത്. യഥാർത്ഥ ജീവിതത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഭാഗ്യലക്ഷ്മി. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനാലാണ് ഭാഗ്യലക്ഷ്മി അഭിനയത്തോട് താൽക്കാലികമായി വിട പറയുന്നത്.
ഭാഗ്യലക്ഷ്മിയോട് ഒപ്പമുള്ള മഞ്ജുപിള്ളയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘നിന്നെ മിസ്സ് ചെയ്യും ചക്കരേ…’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജുപിള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘തട്ടീം മുട്ടീം’ പരമ്പരയിൽ ഭാഗ്യലക്ഷ്മിയുടെ അനിയനായി എത്തുന്നത് സ്വന്തം സഹോദരൻ സിദ്ധാർത്ഥ് പ്രഭു തന്നെയാണ്. 2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.