തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. കുളിക്കാൻ പോവുന്നു എന്നു പറഞ്ഞ് മുറിയിൽ പ്രവേശിച്ച ശ്രാവണിയെ ഒരു മണിക്കൂർ കഴിഞ്ഞും കാണാതായപ്പോൾ കുടുംബാംഗങ്ങൾ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എസ്ആർ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശ്രാവണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
ശ്രാവണിയുടെ സുഹൃത്തായിരുന്ന ദേവരാജ് റെഡ്ഡിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ദേവരാജിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ടിക്ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജുമായി ശ്രാവണിയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ദേവരാജ് പണത്തിനു വേണ്ടി ശ്രാവണിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് സഹോദരൻ ശിവ കൊണ്ടാപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ദേവരാജ് ബ്ലാക്ക് മെയിൽ ചെയ്യുന്ന കാര്യം ശ്രാവണി തന്നോട് പറഞ്ഞിരുന്നെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
“ശ്രാവണിയെ ഉപദ്രവിച്ചു എന്നാരോപിച്ച് ജൂണിൽ ദേവരാജുവിനെ അറസ്റ്റുചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാൻ ദേവരാജ് ശ്രാവണിയെ നിർബന്ധിച്ചിരുന്നു. അറസ്റ്റിനു ശേഷം പിന്നീട് ശ്രാവണിയും ദേവരാജും വീണ്ടും സംസാരിക്കാൻ തുടങ്ങുകയും കുടുംബം ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ, ദേവരാജുവിന്റെ ഉപദ്രവത്തെത്തുടർന്ന് ശ്രാവണി ജീവിതം അവസാനിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്,” എസ് ആർ നഗർ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വി നരസിംഹ റെഡ്ഡി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. ദേവരാജിക്കെതിരെ ഐപിസി സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി സ്വദേശിയാണ് ശ്രാവണി എട്ടുവർഷമായി സീരിയൽ രംഗത്തെ സജീവസാന്നിധ്യമാണ്. ശ്രാവണി അഭിനയിച്ച മനസു മമത, മൗനരാഗം തുടങ്ങിയ സീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ രംഗത്തെ നിരവധി സഹപ്രവർത്തകർ ശ്രാവണിയ്ക്ക് അനുശോചനം നേർന്നിട്ടുണ്ട്.
Read more: ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മി ആശുപത്രിയിൽ