ബീഹാർ സ്വദേശിയായ സുശീൽ കുമാർ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഭാഗ്യദേവത എത്തിയ വർഷമായിരുന്നു 2011. അമിതാഭ് ബച്ചൻ അവതാരകനായി എത്തിയ ‘കോൻ ബനേഗ കോർപതി’ എന്ന പരിപാടിയിൽ നിന്നും ആദ്യമായി അഞ്ച് കോടി കരസ്ഥമാക്കി സുശീൽ കുമാർ എന്ന മത്സരാർത്ഥി ചരിത്രം സൃഷ്ടിച്ച വർഷം.
‘കോൻ ബനേഗ കോർപതി’യുടെ അഞ്ചാം സീസണിലെ വിജയിയായി മടങ്ങുമ്പോൾ സുശീലിനൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, ഒരു ഐഎഎസ് ഉദ്യോഗസ്ഥനാവണം. എന്നാൽ പിന്നീടങ്ങോട്ട് സുശീലിനെ ജീവിതം നടത്തിച്ചത് വിഷമകരമായ വഴികളിലൂടെയാണ്. തന്റെ സമ്പാദ്യം വിവേകപൂർവ്വം നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ട സുശീൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും മദ്യപാനശീലത്തിലുമാണ് ചെന്നെത്തിയത്. കോടിപതി ആയതിനു ശേഷമുള്ള ഏതാനും വർഷങ്ങളെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം എന്നാണ് സുശീൽ വിശേഷിപ്പിക്കുന്നത്. തനിക്കെന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുന്ന സുശീൽ കുമാറിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
2015-2016 കാലഘട്ടം തന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നെന്നും കോടിപതി വിജയി ആയതിനു ശേഷം ജീവിതത്തിലെ പുതിയ സംഭവവികാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നെന്നും സുശീൽ പറയുന്നു. “കോടിപതി വിജയി ആയതോടെ ഞാനൊരു ലോക്കൽ സെലിബ്രിറ്റിയായി മാറി. മാസത്തിൽ പത്തും പതിനഞ്ചും ദിവസങ്ങൾ ബീഹാറിലുടനീളം ഒന്നിലധികം പരിപാടികൾക്ക് അതിഥിയായി ക്ഷണിക്കപ്പെട്ടു. അതോടെ പഠനത്തിലുള്ള എന്റെ ശ്രദ്ധ കുറഞ്ഞു. മാധ്യമങ്ങളെയും ഞാനന്ന് വളരെ ഗൗരവത്തിൽ പരിഗണിച്ചിരുന്നു. അവരുടെ മുന്നിൽ തൊഴിലില്ലാത്ത ഒരാളായി ചിത്രീകരിക്കപ്പെടാതിരിക്കാനായി ഞാൻ വിവിധ ബിസിനസുകളിൽ നിക്ഷേപം തുടങ്ങി. ”
ഈ സംരംഭങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെട്ടുവെന്നും അതുവഴി തനിക്ക് ധാരാളം പണം നഷ്ടപ്പെട്ടുവെന്നും സുശീൽ കുമാർ ഓർക്കുന്നു. “കെബിസിയിൽ (‘കോൻ ബനേഗ കോർപതി) വിജയിച്ചതിനു ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലും എനിക്ക് താൽപ്പര്യമേറി. ഓരോ മാസവും 50,000 രൂപ വെച്ച് ഞാൻ സംഭാവന ചെയ്തിരുന്നു. എന്നാൽ പലരും എന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ദുരുപയോഗം ചെയ്യുകയും ധാരാളം പണം കബളിപ്പിക്കുകയും ചെയ്തു. ശരിയേത് തെറ്റേത് എന്ന എന്റെ ബോധം നഷ്ടപ്പെട്ടതോടെ ഭാര്യയുമായുള്ള എന്റെ ബന്ധവും വഷളാകാൻ തുടങ്ങി.”
“ഈ കാലയളവിൽ സ്ഥിരവരുമാനം കണ്ടെത്താനായി ഒരു സുഹൃത്തിനൊപ്പം ചേർന്ന് കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സംരംഭം ഡൽഹിയിൽ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് ഇടയ്ക്കിടെ യാത്രകളും ആവശ്യമായി വന്നു. അവിടെ വച്ച് ഞാൻ കുറേ വിദ്യാർത്ഥി ഗ്രൂപ്പുകളെ പരിചയപ്പെട്ടു. അവരുടെ പുതിയ ആശയങ്ങളും ചിന്താഗതികളും അടുത്തറിഞ്ഞു. അപ്പോഴെല്ലാം കിണറ്റിലെ തവളയെ പോലെ എനിക്ക് അനുഭവപ്പെട്ടു, കാരണം എനിക്ക് പല കാര്യങ്ങളെ കുറിച്ചും അറിവില്ലായിരുന്നു. ഈ കൂടിക്കാഴ്ചകൾക്കിടയിൽ നിന്നും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ എന്റെ ജീവിതത്തിലേക്ക് കയറി വരികയും ഞാനതിന് അടിമയാവുകയും ചെയ്തു. ”
ചലച്ചിത്ര നിർമ്മാണത്തിലും അക്കാലത്ത് തനിക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്നു എന്ന് സുശീൽ കുമാർ പറയുന്നു. പലപ്പോഴും തന്റെ സമയം മുഴുവൻ സിനിമ കാണാനായി സുശീൽ മാറ്റിവെച്ചു. ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഭാര്യ മുറിയിലേക്ക് വരികയും ഒരേ സിനിമ തന്നെ പലയാവർത്തി കണ്ടുകൊണ്ടിരിക്കുന്നതിന് സുശീലിനോട് വഴക്കിടുകയും മുറി വിട്ട് പുറത്ത് പോവാൻ ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുമായി അത്ര സ്വരചേർച്ചയിൽ അല്ലാത്തതിനാൽ താൻ അപ്പോൾ തന്നെ മുറി വിട്ട് ഇറങ്ങിയെന്നും സുശീൽ കുറിക്കുന്നു.
“വീട് വിട്ട് ഇറങ്ങി നടക്കുമ്പോഴാണ് എനിക്കൊരു പത്രക്കാരന്റെ ഫോൺ വരുന്നത്. എന്തെങ്കിലും പുതുതായി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നയാൾ ചോദിച്ചു. “എന്റെ സമ്മാനത്തുക മുഴുവൻ നഷ്ടപ്പെട്ടു, ഞാൻ രണ്ടു പശുക്കളെ വാങ്ങി, അവയുടെ പാലു വിറ്റാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത് എന്നാണ് ഞാനയാൾക്ക് മറുപടി നൽകിയത്. ആ വാർത്ത കാട്ടുതീ പോലെ പടർന്നു. അതോടെ ആളുകൾ പരിപാടികൾക്ക് എന്നെ വിളിക്കാതെയായി. മറ്റുള്ളവരും എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി.”
ഭാര്യയുമായുള്ള വഴക്ക് രൂക്ഷമായി വിവാഹ മോചനത്തോളം എത്തിയപ്പോൾ, താൻ മുംബൈയിലേക്ക് താമസം മാറിയെന്നും സുശീൽ കുമാർ പറയുന്നു. സിനിമാ നിർമാണം ആയിരുന്നു ലക്ഷ്യം. സാങ്കേതിക കാര്യങ്ങളെ കുറിച്ചൊന്നും വേണ്ടത്ര പരിജ്ഞാനമില്ലാത്ത സുശീൽ കുമാറിനോട് ഒരു നിർമാതാവ് സീരിയലുകളിൽ പ്രവർത്തിച്ചു തുടങ്ങാൻ നിർദ്ദേശിച്ചു. ഒരു ജനപ്രിയ സീരിയലിന്റെ നിർമ്മാണത്തിൽ സുശീൽ പ്രവർത്തിച്ചെങ്കിലും വൈകാതെ അയാൾ അസ്വസ്ഥനാവാൻ തുടങ്ങി.
“ആ നഗരത്തിൽ ആറുമാസം തനിച്ചു താമസിച്ചപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി, ഞാനൊരു ചലച്ചിത്രകാരൻ ആവാനല്ല മുംബൈയിൽ എത്തിയതെന്ന്. ഞാനെന്റെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയായിരുന്നു. ഹൃദയം പറയുന്നത് പിന്തുടർന്ന് ജീവിക്കുമ്പോൾ മാത്രമാണ് ജീീവിതത്തിൽ സന്തോഷമുണ്ടാവുക എന്നും ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി, എന്റെ പഠനം പുനരാരംഭിച്ചു. അത് നേടിയെടുക്കാൻ എനിക്കായി. ഒരു അധ്യാപകനാണ് ഞാനിപ്പോൾ. മനസ്സിന് സമാധാനം നൽകുന്ന ധാരാളം പാരിസ്ഥിതിക പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 2016ൽ മദ്യപാനത്തോടും കഴിഞ്ഞ വർഷം പുകവലിയോടും വിട പറഞ്ഞു. ഇപ്പോൾ ഞാനെന്റെ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്നു.”
ജീവിതത്തിൽ ചെറിയ ചെറിയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അവ സാക്ഷാത്കരിക്കാനായി പരിശ്രമിക്കുമ്പോൾ മാത്രമേ ജീവിതം അർത്ഥപൂർണമാവൂ എന്നും സുശീൽ കുമാർ പറയുന്നു.
Read more: കൃഷിയും ഫാമുമായി മഞ്ജു, മീന്‍ കച്ചവടം നടത്തി വിനോദ്; കോവിഡ് മാറ്റിയ താരജീവിതങ്ങള്‍