ഒരു കാലത്ത് മലയാള സിനിമയില്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിനു ഏറ്റവും കൂടുതല്‍ അര്‍ഹനായ താരമാണ് സുരേഷ് ഗോപി. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും സൂപ്പര്‍ ഹീറോ പരിവേഷമാണ് സുരേഷ് ഗോപിക്ക്. സഹജീവികളോടു സുരേഷ് ഗോപി കാണിക്കുന്ന സ്‌നേഹവും അവര്‍ക്കു നല്‍കുന്ന പിന്തുണയും എന്നും വാര്‍ത്തയാണ്.

‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എന്ന ഷോയുടെ അവതാരകനായി എത്തിയപ്പോഴാണ് സുരേഷ് ഗോപി എത്രത്തോളം മനുഷ്യസ്‌നേഹിയാണെന്ന് സമൂഹം കൂടുതല്‍ തിരിച്ചറിഞ്ഞത്. തനിക്കു മുന്‍പിലിരിക്കുന്ന മത്സരാര്‍ഥികളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സുരേഷ് ഗോപി ഏറ്റെടുക്കുന്ന കാഴ്ച ഷോയ്ക്കിടെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ ഷോയിലേക്ക് താന്‍ എത്തിയത് എങ്ങനെയാണെന്ന് പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. ഭാര്യ രാധിക ഏറെ വര്‍ഷം മുന്‍പ് പ്രവചിച്ചതാണ് പിന്നീട് യാഥാര്‍ഥ്യമായതെന്ന് സുരേഷ് ഗോപി പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Read Also: തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി, വീഡിയോ

“നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി ആദ്യമായി ചെയ്യുന്നത് അമിതാഭ് ബച്ചനാണ്. 2002 ലോ 2003 ലോ ആണ് പരിപാടി ആരംഭിക്കുന്നത്. അമിതാഭ് ബച്ചനാണ് അവതാരകന്‍. ഷോയുടെ ആദ്യ എപ്പിസോഡ് നടക്കുന്ന ദിവസം എല്ലാവരും വലിയ ആകാംക്ഷയിലായിരുന്നു. ഷോ കാണാന്‍ ഞാനും വേഗം ഡ്രൈവ് ചെയ്തു വീട്ടിലെത്തി. ആദ്യ എപ്പിസോഡ് നടക്കുന്ന ദിവസം പാളയം റോഡില്‍ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. അത്ര പ്രതീക്ഷയോടെയാണ് എല്ലാവരും കോടീശ്വരന്‍ പരിപാടിക്കായി കാത്തിരുന്നത്. വീട്ടിലെത്തിയ ശേഷം നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ ഷോയുടെ ആദ്യ എപ്പിസോഡ് കണ്ടു. അതിനുശേഷം ഭാര്യ രാധിക എന്റെ അടുത്തുവന്നു പറഞ്ഞു: ‘മലയാളത്തില്‍ ഈ ഷോ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഏട്ടനായിരിക്കും അവതാരകന്‍’.” സുരേഷ് ഗോപി പറഞ്ഞു.

“തനിക്കിത് ഒരു വെളിപാട് പോലെ തോന്നുന്നതാണെന്ന് രാധിക പറഞ്ഞപ്പോള്‍ ഈ ജന്മത്തില്‍ അതു പറ്റില്ലെന്ന് ഞാന്‍ തിരിച്ചുപറഞ്ഞു. ബച്ചന്‍ അത് മനോഹരമായി ചെയ്യുന്നുണ്ട്. ഈ ജന്മത്തില്‍ ഇങ്ങനെ ചെയ്യാന്‍ എനിക്ക് പറ്റില്ല. നിന്റെ തെറ്റിദ്ധാരണയാണ് ഇത്. എന്റെ ശൈലി ഇതൊന്നുമല്ല” സുരേഷ് ഗോപി പറഞ്ഞു.

പിന്നീട് രാധിക പറഞ്ഞ കാര്യം മനസില്‍ ഇടയ്ക്കിടെ ചിന്തിച്ചിരുന്നു. എന്തുകൊണ്ട് എനിക്ക് ഇതു ചെയ്തുകൂടാ എന്നൊക്കെ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പിന്നീട് 2011 ലാണ് ഷോയുടെ അവതാരകനായി വരണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്. അപ്പോള്‍ തന്നെ പറ്റില്ല എന്നു പറഞ്ഞു. പിന്നീട് തീരുമാനം മാറുകയായിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ ഷോ വെറും റിയാലിറ്റി ഷോയല്ല എന്നും ഇതു യഥാര്‍ഥ ജീവിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്വിസ് റിയാലിറ്റി ഷോ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇന്നലെ മുതലാണ് ആരംഭിച്ചത്. ഇത്തവണ മഴവിൽ മനോരമയിലാണ് കോടീശ്വരൻ സംപ്രേക്ഷണം ചെയ്യുന്നത്. സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി ഒമ്പത് മണിക്കാണ് ഷോ.

Read Also: ‘ഹൃദ്യം ഈ​ ചിത്രം’; പ്രണവിനൊപ്പം സെല്‍ഫിയെടുത്തും മനസ് തുറന്ന് ചിരിച്ചും പിണറായി

അറിവ് ആയുധമാക്കി മിടുക്ക് തെളിയിക്കുന്ന മത്സരാർഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരം നൽകുന്ന ഷോയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. ഉത്തരങ്ങളിൽ സംശയം വന്നാൽ കോൾ എ ഫ്രണ്ട്, ഓഡിയൻസ് പോൾ, ഫിഫ്റ്റി ഫിഫ്റ്റി എന്നീ ലൈഫ് ലൈനുകളും മത്സരാർഥികൾക്ക് ഉപയോഗപ്പെടുത്താം.

സുരേഷ് ഗോപി അവതാരകനായ കോടീശ്വരന്റെ മുൻ സീസണുകളും ഏറെ ജനപ്രീതി നേടിയിരുന്നു. സുരേഷ് ഗോപിയുടെ സവിശേഷമായ അവതരണശൈലി തന്നെയായിരുന്നു ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന റിയാലിറ്റി ഷോയെ ശ്രദ്ധേയമാക്കിയത്. വീണ്ടും ഒരിക്കൽ കൂടി കോടീശ്വരനുമായി സുരേഷ് ഗോപി എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

അറുപതിലേറെ രാജ്യങ്ങളിൽ പ്രശസ്തി നേടിയ ഈ ക്വിസ് റിയാലിറ്റി ഷോ, ‘കോൻ ബനേഗാ ക്രോർപതി’ എന്ന പേരിൽ ഹിന്ദിയിലും അവതരിപ്പിക്കപ്പെട്ടിരുന്നു. അമിതാഭ് ബച്ചനാണ് കോടീശ്വരൻ ഹിന്ദി പതിപ്പിന്റെ അവതാരകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook