ബിഗ് ബോസ് മലയാളം നാലാം സീസണിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്തുപോയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. റോബിൻ ആരാധകർ ഏഷ്യാനെറ്റിനും ബിഗ് ബോസ് ഷോയ്ക്കും അവതാരകനായ മോഹൻലാലിനുമൊക്കെ എതിരെ വലിയ വിമർശനങ്ങളുമായി രംഗത്തുവരികയും ചെയ്തിരുന്നു.
ഡോക്ടർ റോബിനെ കുറിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞൊരു അഭിപ്രായമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹെവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ബിഗ് ബോസിനെ കുറിച്ചും റോബിനെ കുറിച്ചും സുരാജ് സംസാരിച്ചത്.
“ഡോക്ടർ റോബിൻ പോയത് നന്നായി. ഒരുപക്ഷേ ഫൈനൽ വരെയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ഇംപാക്റ്റ് കിട്ടത്തില്ല. ഫൈനലിൽ എത്തും മുൻപെ പോയെങ്കിലും ഫൈനലിസ്റ്റ് ആവുന്നതിന്റെ ഇംപാക്റ്റ് അദ്ദേഹത്തിനു കിട്ടി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സമയം കിട്ടുമ്പോൾ ഞാൻ ഇടയ്ക്ക് ബിഗ് ബോസ് കാണാറുണ്ട്,” സുരാജ് പറഞ്ഞു.
“ബിഗ് ബോസിലേക്ക് വിളിച്ചാൽ പോവുമോ?” എന്ന അവതാരകന്റെ ചോദ്യത്തിനും ആദ്യം രസകരമായ ടോണിലാണ് സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയത്. ബിഗ് ബോസിൽ നിന്നും ക്ഷണം വന്നാൽ പോവില്ലെന്ന് പിന്നീട് സുരാജ് വ്യക്തമാക്കി.