മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള നടിമാരിലൊരാളാണ് സോനു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സുമംഗലി ഭവ’ എന്ന സീരിയൽ സോനുവിന് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്. ദേവുവെന്ന കഥാപാത്രത്തെയാണ് സോനു ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. നിറയെ പ്രേക്ഷകരുളള പരമ്പര ക്ലൈമാക്സിലെത്തിയിരിക്കുകയാണ്.
Read More: ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായി
പരമ്പര അവസാനിക്കാൻ പോകുന്നുവെന്ന വിവരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സോനു ആരാധകരെ അറിയിച്ചത്. ”ഒടുവിൽ ആ ദിവസം വന്നെത്തി. ‘സുമംഗലി ഭവ’യുടെ ക്ലൈമാക്സ് എപ്പിസോഡ്. സുമംഗലി ഭവയിലെ നായികയായ ദേവുവിനോട് വളരെ ഹൃദയവേദനയോടെ വിട പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന ഓരോരുത്തർക്കും നന്ദി. എന്റെ ടീമിലെ ഓരോരുത്തരെയും ഞാൻ മിസ് ചെയ്യും. സീ കേരളത്തിനും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. നിങ്ങളുടെ സ്നേഹവും കരുതലും നൽകിയതിന് എല്ലാവർക്കും നന്ദി” ഇതായിരുന്നു സോനു കുറിച്ചത്.
‘സുമംഗലി ഭവ’യുടെ ക്ലൈമാക്സ് എപ്പിസോഡ് ഇന്നു വൈകീട്ട് 6 ന് സംപ്രേക്ഷണം ചെയ്യുമെന്നും സോനു അറിയിച്ചിട്ടുണ്ട്. തന്റെ ടീമിനും നായകൻ റിച്ചാർഡിനൊപ്പമുളള ചിത്രവും സോനു ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം, പരമ്പര അവസാനിക്കുന്നതിൽ ഏറെ ദുഃഖമുണ്ടെന്നാണ് പലരുടെയും കമന്ര്. സൂര്യനെയും ദേവുവിനെയും മിസ് ചെയ്യുമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. സുമംഗലി ഭവയിൽ സോനുവും റിച്ചാർഡുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്ത്രീധനം സീരിയലിലൂടെയാണ് സോനു പ്രേക്ഷകർക്ക് ഏറെ സുപരിചിതയാവുന്നത്. മത്തി സുകുവിന്റെ മകൾ വേണി എന്ന കഥാപാത്രത്തെ സോനു ഗംഭീരമാക്കിയിരുന്നു. നല്ലൊരു നർത്തകി കൂടിയാണ് സോനു.