വ്യത്യസ്തമായ ഗാനങ്ങള്‍ പാടി പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് സുധീര്‍ പറവൂര്‍. ‘തത്തമേ തത്തകുട്ടി’ എന്ന സുധീറിന്റെ ഗാനം പ്രായഭേദമില്ലാതെ എല്ലാവരും ഏറ്റുപാടിയിരുന്നു. പിന്നീട് അമൃത ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഫണ്‍സ് അപ്പ് ഓണ്‍ എ ടൈം’ എന്ന ഷോയില്‍ സുധീര്‍ ആലപിച്ച ‘ മാനത്തു പറക്കണ കാക്കയും’ ഏറെ വൈറലായിരുന്നു.
സുധീറും അസീസ്സ് നെടുമങ്ങാടും ഒരുമിച്ച് ആലപിച്ച ആമാശയ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഒന്നിച്ചു ഗാനം ആലപിച്ചത്. എങ്ങനെയാണ് നിങ്ങള്‍ക്കു ഇത്തരത്തില്‍ വരികളെഴുതാന്‍ കഴിയുന്നതെന്നാണ് ആരാധകരുടെ കമന്റുകള്‍. ആമാശയത്തെക്കുറിച്ചുളള ഈ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സ്റ്റേജ് ഷോകളിലൂടെയാണ് സുധീറും അസീസ്സും കലാ ലോകത്തേയ്‌ക്കെത്തുന്നത്. പിന്നീട് ടെലിവിഷനിലൂടെ ഇരുവരും കൂടുതല്‍ സുപരിചിതരായി. അധികം വൈകാതെ തന്നെ സിനിമാ മേഖലയിലും ഇവര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹാവീര്യര്‍, ഒരു തെക്കന്‍ തല്ലു കേസ് എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രം.