scorecardresearch

കുട്ടിപ്പട്ടാളം നിർത്തിയോ? ഇനി തിരിച്ചു വരുമോ?; സുബി സുരേഷിന്റെ മറുപടി

കുറേ നാളുകളായി പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നില്ല. ഇതോടെ കുട്ടിപ്പട്ടാളം നിർത്തിയോ എന്നു ചോദിച്ച് നിരവധി പേർ സുബിക്ക് മെസേജ് അയക്കാൻ തുടങ്ങി

subi suresh, tv show, ie malayalam

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടികളുടെ പരിപാടിയാണ് കുട്ടിപ്പട്ടാളം. സുബി സുരേഷാണ് പരിപാടിയുടെ അവതാരക. റേറ്റിങ്ങിലും മിനി സ്ക്രീനിലെ കുടുംബ പ്രേക്ഷകർക്കിടയിലും ഏറെ സ്വീകാര്യത നേടിയ പ്രോഗ്രാമാണിത്. കുറേ നാളുകളായി പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നില്ല. ഇതോടെ കുട്ടിപ്പട്ടാളം നിർത്തിയോ എന്നു ചോദിച്ച് നിരവധി പേർ സുബിക്ക് മെസേജ് അയക്കാൻ തുടങ്ങി. ഇതിനു തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരിക്കുകയാണ് സുബി.

”ഞാനൊരിക്കലും പ്രതീക്ഷിക്കാതെ എന്റെ കയ്യിൽ വന്ന ലോട്ടറിയാണ് കുട്ടിപ്പട്ടാണമെന്നു പറയാം. പരിപാടിയുടെ ട്രയൽ ഷൂട്ടിനാണ് പോയത്. അവിടെ എത്തിയപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പിലെ ഈ പ്രോഗ്രാമിന്റെ വീഡിയോകൾ കാണിച്ചു തന്നു. കുറേ വർഷങ്ങൾക്കു മുൻപ് ഇംഗ്ലീഷ് ചാനലിൽ നടന്ന പ്രോഗ്രാമാണിതെന്നു പറഞ്ഞു. അതൊക്കെ കാണിച്ചു തന്നു. എനിക്ക് ഒരാൾ പറയുന്നതുപോലെ പഠിച്ച് സ്ക്രിപ്റ്റഡായിട്ട് ചെയ്യാനൊന്നും അറിയില്ല. ഇത്ര ചെറിയ കുട്ടികളെ മാനേജ് ചെയ്യാനും പരിചയമില്ല. എനിക്ക് പ്രോഗ്രാം ചെയ്യാൻ പറ്റില്ലായെന്നു പറഞ്ഞു. നാലു കുട്ടികളും അവരുടെ മാതാപിതാക്കളും വന്നിട്ടുണ്ടെന്നും അവർക്ക് വിഷമമാകുമെന്നും നമുക്കൊരു ട്രയൽ ഷൂട്ട് ചെയ്യാമെന്ന് അവിടെ ഉണ്ടായിരുന്ന അജയൻ എന്ന സാർ പറഞ്ഞു.”

Read More: മൃദുലയെ ആദ്യമായി കാണുന്നത് കള്ളുഷാപ്പിൽ വച്ച്; യുവ കൃഷ്ണയുടെ വെളിപ്പെടുത്തൽ

ഈ പ്രോഗ്രാം നേരത്തെ സീനിയർ ആർട്ടിസ്റ്റുകളെ വച്ച് ട്രയൽ ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയെ വച്ച് പ്രോഗ്രാം ഷൂട്ട് ചെയ്ത് പ്രൊമോ ഒക്കെ വന്നിട്ട് പിന്നീട് കാൻസൽ ചെയ്തു. പത്താമത്തെ ആളായിട്ടാണ് ഞാൻ ചെല്ലുന്നത്. ഒരു ആത്മാർത്ഥതയുമില്ലാതെയാണ് ഞാൻ ചെയ്തത്. പക്ഷേ ചെന്നൈയിൽനിന്നും അപ്രൂവ് കിട്ടുകയായിരുന്നുവെന്ന് സുബി പറയുന്നു.

ഈ പ്രോഗ്രാം സ്ക്രിപ്റ്റഡേ അല്ല. ചെന്നൈയിലായിരുന്നു ഷൂട്ട്. മൂന്നര വർഷത്തോളം പ്രോഗ്രാം നല്ല രീതിയിൽ പോയി. അതിനുശേഷം നിർത്താൻ തീരുമാനിക്കുകയായിരുന്നു. നാലു ഭാഷകളിലും ഒരുമിച്ചാണ് നിർത്തിയത്. പ്രോഗ്രാം നിർത്തി കഴിഞ്ഞപ്പോൾ കുട്ടികൾക്ക് മെൻഡൽ സ്ട്രെസ് നൽകുന്നുവെന്ന കേസ് വന്നതിനാലാണ് പ്രോഗ്രാം നിർത്തിയതെന്ന് ചില ഓൺലൈൻ സൈറ്റുകളിൽ വാർത്ത വന്നു. അത് ശരിയല്ല. കേസ് കാരണമാണ് നിർത്തിയതെങ്കിൽ പ്രോഗ്രാമിന് രണ്ടാമത്തെ സീസൺ ഉണ്ടാകുമായിരുന്നില്ലല്ലോ.

രണ്ടാമത്തെ സീസൺ കൊച്ചിയിലായിരുന്നു. പ്രോഗ്രാം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വന്നത്. കുട്ടികളെ വച്ച് ഷൂട്ട് ചെയ്യുമ്പോൾ കുറച്ചു കൂടി സൂക്ഷിക്കണം. ഒരുപാട് സുരക്ഷാ കാര്യങ്ങൾ നോക്കണം. അതുകൊണ്ട് മാത്രമാണ് കുട്ടിപ്പട്ടാളം തുടങ്ങാത്തത്. കൊറോണ കാരണം ചെറിയ കുട്ടികളെ കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ടാണ് കുട്ടിപ്പട്ടാളം നിർത്തി വച്ചിരിക്കുന്നത്. കോവിഡ് മാറിയിട്ട് കുട്ടിപ്പട്ടാളത്തിനൊപ്പം ഞാനും ഒരു വരവ് വരുമെന്നും സുബി സുരേഷ് പറഞ്ഞു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Subi suresh s reply about kuttipattalam programme523274