കലാമൂല്യവും സാങ്കേതിക മികവുമില്ലാത്തതിനാൽ ഇത്തവണയും മികച്ച സീരിയലിനു പുരസ്കാരം നൽകേണ്ടതില്ല എന്ന തീരുമാനവുമായി അവാർഡ് ജൂറി. 2020ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരപ്രഖ്യാപന വേളയിലാണ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ടെലിവിഷൻ പരമ്പരകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ് ജൂറിയുടെ നിരീക്ഷണം. മികച്ച സീരിയലുകൾ വേണമെന്നാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ ചാനൽ മേധാവിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ലെന്നും അതിനാൽ തന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച സംവിധായകൻ ഈ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരം നൽകാൻ സാധിച്ചില്ലെന്നും ജൂറി വ്യക്തമാക്കി. മറ്റു വിഭാഗങ്ങളിലെ എൻട്രികളുടെ നിലവാരത്തകർച്ച കാരണം അവാർഡുകൾ നിർണയിക്കുന്നതിൽ ഏറെ പരിശ്രമിക്കേണ്ടി വന്നുവെന്നും എൻട്രികൾ വിലയിരുത്തിയ ജൂറി പറയുന്നു.
കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കു വേണ്ടി ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി ചൂണ്ടി കാട്ടി. ഒപ്പം, വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്നും ജൂറി അഭിപ്രായപ്പെട്ടു.
സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:
- മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
- മികച്ച നടൻ – ശിവജി ഗുരുവായൂർ ( കഥയറിയാതെ)
- മികച്ച രണ്ടാമത്തെ നടി- ശാലു കുര്യൻ (അക്ഷരത്തെറ്റ്)
- മികച്ച രണ്ടാമത്തെ നടൻ- റാഫി (ചക്കപ്പഴം)
- മികച്ച ഹാസ്യപരിപാടി- മറിമായം
- മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതൾ)
- മികച്ച ടെലിഫിലിം- കള്ളൻ മറുത
- മികച്ച കഥാകൃത്ത്- അർജുൻ കെ (കള്ളൻ മറുത)
- മികച്ച ബാലതാരം- ഗൗരി മീനാക്ഷി
- മികച്ച ഛായാഗ്രാഹകൻ- ശരൺ ശശിധരൻ (കള്ളൻ മറുത)
- മികച്ച ടിവി ഷോ- റെഡ് കാർപെറ്റ് (അമൃത)
- മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ (കോമഡി മാസ്റ്റേഴ്സ്)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)
- മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര
- മികച്ച അവതരണം- രാജശ്രീ വാര്യർ ( സൗമ്യം, ശ്രീത്വം, ഭാവദ്വയം), ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ)
- മികച്ച അവതാരകൻ/ഇന്റർവ്യൂവർ- കെ ആർ ഗോപീകൃഷ്ണൻ
- മികച്ച വാർത്താ അവതാരക- രേണുജ എൻ ജി (ന്യൂസ് 18)
- മികച്ച കമന്റേറ്റർ- സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ)
- മികച്ച ഡോക്യുമെന്ററി- നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി
- മികച്ച ന്യൂസ് ക്യാമറാമാൻ- ജെയ്ജി മാത്യു
- മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- മുഹമ്മദ് അസ്ലം (മീഡിയ വൺ)
- മികച്ച ടിവി ഷോ (കറന്റ് അഫയേഴ്സ്)- സ്പെഷൽ കറസ്പോണ്ടന്റ് (അപർണ്ണ കുറുപ്പ്), ന്യൂസ് 18 കേരളം
- മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്ബെൽ, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി