Star Singer Finale: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റിൽ ജൂൺ 19ന് വൈകുന്നേരം ആറ് മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്‍ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് അഖിൽ ദേവ്, ജെറിൽ ഷാജി, അർജുൻ ഉണ്ണികൃഷ്ണൻ, കൃതിക എസ്, മിലൻ ജോയ്, വിഷ്ണുമായ രമേശ്, റിതു കൃഷ്ണ എന്നിവരാണ്.
സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, ഗായകരായ ജി വേണുഗോപാൽ, മഞ്ജരി, സംഗീതസംവിധായകരായ ശരത് സി, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്. അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയ സിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്റ്റാർ സിംഗർ വേദിയിൽ എത്തിയിട്ടുണ്ട്. വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ്.
സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്ക് സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ ഈ വേദിയിൽ എത്തുന്നു.