മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ഫ്ളവേഴ്സ് ചാനലിലെ ‘സ്റ്റാർ മാജിക്’. പ്രവാസികളുടെ കണ്ണു നനയിപ്പിക്കുന്ന ഒരു എപ്പിസോഡാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ അകന്ന് ഉപജീവനാർത്ഥം ജീവിതത്തിന്റെ നല്ലൊരുകാലം അന്യദേശങ്ങളിൽ കഴിയേണ്ടി വരുന്ന പ്രവാസികൾക്കാണ് ഈ എപ്പിസോഡ് സമർപ്പിച്ചിരിക്കുന്നത്.
സ്റ്റാർ മാജിക്ക് താരങ്ങൾ അവരുടെ ജീവിതത്തിലെ ഗൾഫ് ഓർമകൾ പങ്കിടുന്നതിനിടെ മത്സരാർത്ഥികളിൽ ഒരാളായ ശ്രീവിദ്യയുടെ വാക്കുകളാണ് എല്ലാവരുടെയും കണ്ണുനനയിച്ചത്. “ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഗൾഫ് പ്രൊഡക്റ്റ് എന്താണ്,” എന്ന അവതാരകയുടെ ചോദ്യത്തിന് അതെ എന്റെ അച്ഛനാണെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.
40 വർഷത്തിലേറെയായി ബഹ്റിനിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുകയാണ് അച്ഛനെന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛന്റെ സാന്നിധ്യമാണെന്നും ശ്രീവിദ്യ പറയുന്നു.
“അമ്മ പ്രഗനന്റ് ആയപ്പോൾ പോയതാണ് അച്ഛൻ, പിന്നെ തിരിച്ചുവരുന്നത് എന്റെ മൂന്നാം വയസ്സിൽ ആണ്. അച്ഛൻ വന്നിറങ്ങുമ്പോൾ എന്റെ ഒപ്പം എന്റെ കസിനും ഉണ്ടായിരുന്നു. അച്ഛന് പെട്ടെന്ന് ഇതിൽ ഏതാ മോളെന്ന് തിരിച്ചറിയാൻ ആയില്ല. ”
“എല്ലാവരും പറയും ഗൾഫ്കാരുടെ മക്കൾ ഭാഗ്യം ചെയ്തവരാണ് എന്നൊക്കെ. പക്ഷേ ഓരോ പ്രവാസിയുടെ വീട്ടിലും അവരെ മിസ് ചെയ്യുന്ന അവസ്ഥ ഏറെയാണ്. ഞങ്ങൾ മക്കളുടെ വളർച്ച അച്ഛൻ അടുത്തു കണ്ടിട്ടില്ല.”
“രണ്ടുവർഷം കൂടുമ്പോഴാണ് അച്ഛൻ വരിക. ഞങ്ങൾ വിളിക്കാൻ പോവും, പക്ഷേ കൊണ്ടുവിടാൻ ഇപ്പോഴും പോവാറില്ല, സങ്കടം കൊണ്ട്,” ശ്രീവിദ്യ കൂട്ടിച്ചേർത്തു.
എന്താണ് അച്ഛനോട് ഇപ്പോൾ പറയാനുള്ളത് എന്ന ചോദ്യത്തിന്, “അവിടുത്തെ ജോലി മതിയാക്കി അച്ഛൻ വേഗം വായോ,” എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.
Read more: സാരിയുടെ മാജിക്കിനോട് നോ പറയുന്നതെങ്ങനെ? സ്റ്റൈലിഷ് ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര