വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെയാണ് ലക്ഷ്മി കൂടുതൽ സുപരിചിതയായത്. ഏതാനും ദിവസം മുൻപു ചേർത്തലയിലെ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയിൽ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നാരീപൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. ”ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16. വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ, ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ, ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു ! എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും , മനസ്സു നിറയെ നന്ദി മാത്രം !,,’ ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചുവപ്പും പച്ചയും നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്നായിരുന്നു നാരീ പൂജയ്ക്കുശേഷമുള്ള ലക്ഷ്മിയുടെ പ്രതികരണം. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്ക്കാന് പറ്റിയത് തന്നെ എന്റെയൊരു മഹാഭാഗ്യമായി തന്നെ കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിൽ സന്തോഷമെന്നും ലക്ഷ്മി പറഞ്ഞു.
Read More: എനിക്കിനി വിവാഹമേ വേണ്ടാ, ഇപ്പോൾ സമാധാനമുണ്ട്: മേഘ്ന വിൻസെന്റ്