കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. പിഎച്ച്ഡി പഠനത്തിനായ് പരമ്പരയിൽനിന്നും പിന്മാറുന്നതായി അടുത്തിടെ ശ്രുതി വ്യക്തമാക്കിയിരുന്നു. ചക്കപ്പഴം പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞിരിക്കുകയാണ്.
ചക്കപ്പഴം സീരിയലിൽ അമ്മ വേഷം ആണെന്ന് പറഞ്ഞപ്പോൾ ഞെട്ടിയെന്ന് ശ്രുതി പറയുന്നു. അർജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ ഒന്നു നോക്കി. ഞാൻ അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ്. അർജുനേട്ടന് നല്ല വണ്ണവും. എട്ടാം ക്ലാസിൽ പഠിക്കുന്ന ഞാൻ പുള്ളിയുടെ ഭാര്യയായി അഭിനയിക്കുമ്പോൾ ആളുകൾ എങ്ങനെ ഉൾക്കൊള്ളുമെന്നായിരുന്നു ഭയം. പക്ഷെ സ്‌ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ലെന്നു തോന്നിയതായി ശ്രുതി പറഞ്ഞു.
ഫുഡ് പോയിസൺ വന്നപ്പോഴാണ് താൻ വളരെയധികം മെലിഞ്ഞതെന്ന് ശ്രുതി പറഞ്ഞു. പെട്ടന്ന് ഞാൻ പത്ത് കിലോ കുറഞ്ഞു. ആ സമയത്ത് അവസ്ഥ കുറച്ച് മോശമായതിനാൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂവായിരുന്നു. അസുഖം മാറിയപ്പോൾ ഞാൻ എന്ത് കഴിച്ചാലും തടിക്കാത്ത അവസ്ഥയായെന്നും ശ്രുതി അഭിമുഖത്തിൽ വ്യക്തമാക്കി.
പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണെന്നും ശ്രുതി അഭിമുഖത്തിൽ പറയുന്നുണ്ട്. സ്‌കൂളിലെല്ലാം പഠിക്കുമ്പോൾ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കുമെന്നും ശ്രുതി പറഞ്ഞു. ‘എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ താരം തന്നെ വിളിച്ച്…. ഞാനെപ്പോഴാ നിന്റെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാണിച്ച് കൊടുക്കും. എന്റെ അച്ഛന്റെ പേര് രജനികാന്ത് എന്നാണ്. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല,’ ശ്രുതി തമാശരൂപേണ പറഞ്ഞു.
Read More: പൈങ്കിളി എന്റെ ലൈഫ്സ്റ്റൈൽ തന്നെ മാറ്റി; ‘ചക്കപ്പഴം’ വിശേഷങ്ങളുമായി ശ്രുതി