മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി ഗെയിം ഷോയാണ് ഫളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. താരങ്ങളെല്ലാം ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ നിൽക്കെ സ്റ്റാർ മാജിക്ക് അംഗങ്ങളും ആവേശത്തിലാണ്. ആസ്വാദകരുടെ ഇഷ്ടതാരങ്ങളായ ഡയാന, അനു, ഐശ്വര്യ, ശ്രീവിദ്യ എന്നിവർ ക്രിസ്മസ് വൈബിൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശ്രീവിദ്യ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘മേരി ക്രിസ്മസ്’ എന്ന് അടികുറിപ്പു നൽകി പങ്കുവച്ച ചിത്രം സ്റ്റാർ മാജിക്കിന്റെ ഷൂട്ടിങ്ങ് സമയത്ത് പകർത്തിയതാണെന്നാണ് വ്യക്തമാകുന്നത്. അനവധി ആരാധകർ താരങ്ങൾക്കും ക്രിസ്മസ് ആശംസകളറിയിച്ചിട്ടുണ്ട്. ‘സ്റ്റാർ മാജിക്കിലെ കുറുമ്പി പട്ടാളം’ എന്ന രസകരമായ കമന്റുകളും അതിൽ ഉൾപ്പെടുന്നു.
ഐശ്വര്യയും അനുവും മിനിസ്ക്രീനിൽ തിളങ്ങുമ്പോൾ ഡയാനയും ശ്രീവിദ്യയും സിനിമയുടെ തിരക്കുകളിലാണ്. അവതരണ മേഖലയിലും നിറഞ്ഞുനിൽക്കുന്നുണ്ട് ഇവർ. ഫ്ളവേഴ്സിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ‘സുഹാസിനിയും സുരഭിയി’ലുമാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്. നർത്തകി കൂടിയായ ഐശ്വര്യയ്ക്ക് സ്വന്തമായി ഒരു നൃത്ത വിദ്യാലയമുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘വീകം’ ആണ് ഡയാന അവസാനമായി അഭിനയിച്ച ചിത്രം. സ്വന്തമായുള്ള യൂട്യൂബ് ചാനലിന്റെ തിരക്കിലാണ് ശ്രീവിദ്യ.