/indian-express-malayalam/media/media_files/uploads/2023/07/Rishi.png)
ഉപ്പും മുളകും താരം ഋഷി എസ് കുമാർ
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ആരാധകരുള്ള പരമ്പരയാണ് 'ഉപ്പും മുളകും.' കുറച്ച് ദിവസങ്ങൾക്കു മുൻപാണ് സിറ്റ്‌കോമിൽ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി അണിയറപ്രവർത്തകർക്ക് എതിരെ ആരോപണം ഉന്നയിച്ചത്. മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിച്ചത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠൻ നായർ ഋഷിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്. ട്വന്റി ഫോർ ചാനലിലെ മോണിംഗ് ഷോയിലൂടെയാണ് ശ്രീകണ്ഠൻ നായർ ഇതേ കുറിച്ച് പ്രേക്ഷകരോട് സംസാരിച്ചത്.
"നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും. അങ്ങനെ കൊഴുത്താൽ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ചിലപ്പോൾ ചാനലിനും മുകളിലേക്ക് വളരും. അങ്ങനെ വളർന്നാൽ വെട്ടിവീഴ്ത്താതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കുക. എനിക്ക് അതിൽ കൂടുതൽ പറയാൻ പറ്റില്ല. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല," ശ്രീകണ്ഠൻ നായർ പറഞ്ഞു. പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് എല്ലാവരും അറിഞ്ഞിരിക്കുന്നതെന്നും ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു.
സിറ്റ്‌കോം ഴോണറിൽ ഒരുങ്ങിയ ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബാലും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലു മാസക്കാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്.
ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഋഷി ആരോപണങ്ങൾ ഉയർത്തിയത്. വീഡിയോയ്ക്ക് അവസാനം ഋഷി പൊട്ടിക്കരയുന്നുമുണ്ട്. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.