ജീവതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷ്. നവംബർ 29ന് ആണ് സൗഭാഗ്യക്കും അർജുന്‍ സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. ഗർഭകാലം മുതൽ ഓരോ വിശേഷങ്ങളും സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം ഒരു ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം.
സിസേറിയൻ പേടിക്കേണ്ട ഒന്നല്ല, അതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കൂ എന്ന് കുറിച്ചുകൊണ്ടാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “സി സെക്ഷന് ശേഷമുള്ള 12-ാം ദിവസം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ.. സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതി! അതൊന്നും വലിയ കാര്യമല്ല.. ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു.. സി സെക്ഷനുകളെ കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം മിഥ്യയാണ്.. പ്രതീക്ഷ കൈവിടരുത്.. അത് ആസ്വദിക്കൂ.” സൗഭാഗ്യ കുറിച്ചു. താരാ കല്യാൺ ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റ് ചെയ്‌തിട്ടുണ്ട്.
സിസേറിയനെ ചുറ്റിപ്പറ്റിയുള്ള നുണകൾ എല്ലാം മനസിലാക്കി തന്ന തന്റെ ഡോക്ടർ അനിതാ പിള്ളയ്ക്കും സൗഭാഗ്യ നന്ദി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ പ്രസവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിച്ചപ്പോഴും സൗഭാഗ്യ ഡോക്ടർക്ക് നന്ദി പറഞ്ഞിരുന്നു.
പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞു.
Also Read: എനിക്ക് 25 വയസേയുള്ളൂ, 30 വയസുള്ള നടിയെ ചേച്ചിയെന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല: സാന്ത്വനം താരം അപ്സര
സിസേറിയൻ ഞാൻ വിചാരിച്ചതുപോലെ അത്ര ഭയാനകമല്ല. ഒരു സ്വപ്നം പോലെയാണ് അത് കടന്നുപോയത്. തീർച്ചയായും തന്റെ അനുഭവം വിശദമായി പങ്കുവയ്ക്കാമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. തന്റെ ഡോക്ടര്‍ അനിതക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.