പ്രണയത്തിന് എപ്പോഴും ഒരു മാജിക്കുണ്ട്, തീർത്തും അപരിചിതരായ രണ്ടുപേർക്കിടയിൽ അത് പുതിയൊരു ലോകം തീർക്കുകയാണ് ചെയ്യുന്നത്. പ്രണയത്തിന്റെ ആ മാജിക്ക് നിറഞ്ഞു നിൽക്കുന്നൊരു ചിത്രം പങ്കുവയ്ക്കുകയാണ് ഡബ്സ്മാഷ് ക്യൂൻ ആയ സൗഭാഗ്യ വെങ്കിടേഷ്.
മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. ഇരുവരുടെയും വിവാഹവാർത്തയും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 19,20 ദിവസങ്ങളിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു.
താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുന്നത്. അക്കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ ഇപ്പോൾ. 2003 കാലഘട്ടത്തിലെ ചിത്രമാണ് ഇതെന്നും ഞങ്ങൾ തമ്മിൽ അന്ന് വളരെ ചെറിയ പരിചയം മാത്രമെന്നും സൗഭാഗ്യ പറയുന്നു.
ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നിരവധി വേദികളിൽ ഒന്നിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ സൗഭാഗ്യയ്ക്ക് ഒപ്പ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാന്‍സ് സ്കൂൾ നടത്തുകയാണ്.
തന്റെ എല്ലാ ഇഷ്ടങ്ങളോടും ചേർന്നു നിൽക്കുന്ന പാർട്ണർ എന്നാണ് സൗഭാഗ്യയെ അർജ്ജുൻ വിശേഷിപ്പിക്കുന്നത്. ബൈക്കിനോടും വളർത്തു നായകളോടുമുള്ള തന്റെ ഇഷ്ടവും പാഷനും സൗഭാഗ്യയ്ക്കുമുണ്ടെന്നാണ് അർജുൻ പറയുന്നത്.
Read more: സൗഭാഗ്യ-അര്‍ജുന്‍ വിവാഹചിത്രങ്ങൾ കാണാം
“പാർട്ണറെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ബൈക്ക് ക്രേസ് ഉള്ളൊരു ആളാവണം എന്നെനിക്കുണ്ടായിരുന്നു. ഇപ്പോൾ സൗഭാഗ്യയെ കണ്ടതിൽ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറിൽ പോവാൻ പറ്റണില്ല. എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഇപ്പോൾ രണ്ടു ബൈക്കായി, അതിനെല്ലാം ജിംജിം അടിക്കുന്ന ഒരു അമ്മയുമാണ് എനിക്കുള്ളത്.” വിവാഹത്തലേന്ന് നടത്തിയ ചടങ്ങിനിടെ അർജുൻ പറഞ്ഞത് ഇങ്ങനെ.
“എന്റെ മറ്റൊരിഷ്ടം പെറ്റുകളോടാണ്. ഒരു പെറ്റ് ഭ്രാന്തനാണ് ഞാൻ. ഫൈറ്റ് ചെയ്താണ് ഒരു പട്ടിയെ വളർത്താൻ ഉള്ള അനുവാദം വീട്ടിൽ നിന്നു വാങ്ങിയത്. ഒരു പട്ടിയെ വളർത്തി സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ഏഴു പട്ടിയെ വളർത്തുന്ന പെണ്ണിനെയാണ് കിട്ടിയത്. ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഇപ്പോൾ ഒരു ഒമ്പത് പട്ടികളുണ്ട്,” അർജുന്റെ വാക്കുകൾ പൊട്ടിച്ചിരിയോടെയാണ് സൗഭാഗ്യയും സദസ്സും കേട്ടത്.