കഴിഞ്ഞ കുറച്ചു നാളുകളായി സൂരജിനോട് ആരാധകർ ചോദിക്കുന്നൊരു ചോദ്യമുണ്ട്. പാടാത്ത പൈങ്കിളിയിൽനിന്നും എന്തിന് പോയി?. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്. കുറച്ചു നാളുകളായി പരമ്പരയിൽ സൂരജിനെ കാണുന്നില്ല. ഇതോടെയാണ് ആരാധകർ ആശങ്കയിലായത്.
പാടാത്ത പൈങ്കിളിയില് നിന്നും സൂരജ് പിന്വാങ്ങിയെന്നുളള വാർത്തകൾ അറിഞ്ഞതു മുതൽ ആരാധകർ വിഷമത്തിലാണ്. പരമ്പര നല്ല റേറ്റിങ്ങിൽ തുടരുമ്പോൾ സൂരജ് പിന്മാറിയതിന്റെ കാരണം അറിയാനുളള ആകാംക്ഷയിലായിരുന്നു ആരാധകർ. എന്താണ് സംഭവിച്ചതെന്ന് ആരാധകർ സൂരജിനോട് നിരന്തരം ചോദിച്ചിരുന്നു. മാതൃദിനത്തിൽ സൂരജ് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെയും നിരവധി പേർ ഈ ചോദ്യം ഉന്നയിച്ചു. ഇതോടെയാണ് സൂരജ് മറുപടി നൽകിയത്.
”എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്… ആ സമയം എനിക്ക് തരണം. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല,” എന്നാണ് സൂരജ് പറഞ്ഞത്.
പാടാത്ത പൈങ്കിളിയിൽ ദേവയുടെ സ്ഥാനത്ത് മറ്റാരെയും സങ്കൽപ്പിക്കാനാവില്ലെന്നും ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്ന മറുപടി തരണമെന്നും അവസാനം വിഷമിപ്പിക്കരുതെന്നുമാണ് സൂരജിന്റെ മറുപടിക്കുളള ഒരു കമന്റ്. പാടാത്ത പൈങ്കിളിയിൽ നിന്ന് സൂരജ് മാറി എന്ന് കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്, ഇതുവരെ മാറീട്ടില്ല. അത്രയ്ക്കു സങ്കടം ഉണ്ട്, ഇനിയും ഞങ്ങളെ സങ്കടപെടുത്തരുത് പ്ലീസ് ദേവ തിരിച്ചു വരണമെന്നുളള കമന്റുകളുമുണ്ട്.
പരമ്പരയിൽനിന്നും പിന്മാറിയതിന്റെ കാരണവും എന്താണ് സംഭവിച്ചതെന്നും സൂരജ് അധികം വൈകാതെ തന്നെ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read more: കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർഥിച്ച് നടൻ സജിൻ