ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ശ്രദ്ധ നേടുന്നത്. ഫൈനലിൽ എത്തും മുൻപ് ഷോയിൽ നിന്നും ഔട്ടായി പോയെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റോബിൻ.
തന്റെ സ്കൂൾ കാലത്തു നിന്നുള്ള ഒരു ഓർമചിത്രം ഷെയർ ചെയ്തിരിക്കുകയാണ് റോബിൻ ഇപ്പോൾ. സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യം വേഷത്തിൽ നിൽക്കുന്ന റോബിനെയാണ് ചിത്രത്തിൽ കാണാനാവുക. “2006ലെ സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവലിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ ആൾ ആരെന്ന് ഊഹിക്കാമോ?,” എന്നാണ് ചിത്രം ഷെയർ ചെയ്ത് റോബിൻ ചോദിക്കുന്നത്.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.